ഒന്നാം ഭാഗത്തിൽ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും തകർപ്പൻ പ്രകടനമാണ് നടി ആശാ ശരത്ത് കാഴ്ചവച്ചിരിക്കുന്നത്. അവസാന ഭാഗങ്ങളിൽ ശരിക്കും നിറഞ്ഞുനിൽക്കുകയാണ് ആശ. പ്രേക്ഷകർക്കെന്നപോലെ ആശയ്ക്കും മറക്കാനാവാത്ത വേഷവും അഭിനയമുഹൂർത്തങ്ങളുമാണ് ദൃശ്യം 2വും സമ്മാനിച്ചത്. ആ അനുഭവങ്ങൾ പങ്കിടുകയാണ് ആശ.
'എന്‍റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് തന്നെയാണ് ദൃശ്യം 2 വിലെ ഗീതാ പ്രഭാകര്‍. ദൃശ്യം ലൊക്കേഷനില്‍ എനിക്ക് ഒത്തിരി ഒത്തിരി ഓര്‍മ്മകളാണുള്ളത്. എല്ലാം പോസിറ്റീവായത് തന്നെ. ഒരു കൂട്ടുകെട്ടിന്‍റെ വിജയം തന്നെയാണ് ദൃശ്യത്തിന്‍റെ വിജയം. ചിത്രത്തില്‍ വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു എന്‍റേത്. എക്കാലവും എന്നെ പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്ന പോലീസ് ഓഫീസര്‍ തന്നെയാണ് ഗീതാ പ്രഭാകര്‍. എനിക്കേറെ അത്ഭുതവും വിസ്മയവും തീര്‍ത്ത അനുഭവമായിരുന്നു ദൃശ്യത്തിലേത്. പറയാന്‍ ഏറെയുണ്ട് എങ്കിലും ലാലേട്ടനുമായുള്ള ഒരു സീനാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്. ഞാന്‍ ലാലേട്ടന്‍റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട് ചിത്രത്തില്‍. എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്‍റെ കഥാപാത്രത്തിന് അങ്ങനെയൊരു സീന്‍ അനിവാര്യമായിരുന്നു. ഞാന്‍ ലാലേട്ടന്‍റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓര്‍ക്കാന്‍പോലും വയ്യ. പക്ഷേ ലാലേട്ടനും ജിത്തുസാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. ലാലേട്ടന്‍ പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല. അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തത്. എങ്കിലും ആ ഞെട്ടല്‍ ഇന്നുമെന്നെ വിട്ട് പോയിട്ടില്ല.
വളരെയേറെ ആന്തരിക സംഘര്‍ഷമുള്ള കഥാപാത്രമാണ് ഗീതാ പ്രഭാകര്‍. ഏക മകന്‍റെ ഓര്‍ക്കാപ്പുറത്തുള്ള വേര്‍പാട്, സത്യം തെളിയിക്കപ്പെടാതിരിക്കുക, ഉയര്‍ന്ന പോലീസ് ഓഫീസറായിരുന്നിട്ടും ഒരു സാധാരണക്കാരനാല്‍ കബളിപ്പിക്കപ്പെടുക അങ്ങനെ മാനസികമായി വളരെയധികം തകര്‍ന്ന ഒരു സ്ത്രീയാണ് ഗീതാ പ്രഭാകര്‍. വളരെയേറെ ആര്‍ജ്ജവമുള്ള ആ വേഷം എനിക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ജിത്തുസാറിനോടും ലാലേട്ടനോടും ഒത്തിരി സ്നേഹമുണ്ട്. എല്ലായിടത്തുനിന്നും പോസിറ്റീവായ ധാരാളം മെസ്സേജുകള്‍ വരുന്നുണ്ട്. ദൃശ്യത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായിത്തന്നെ കാണുന്നു. ഇതുവരെ ചെയ്ത എല്ലാവേഷങ്ങളും ദൈവാനുഗ്രഹത്താല്‍ ശ്രദ്ധേയവും മികച്ചതുമായിരുന്നു. ഇപ്പോള്‍ ദൃശ്യം 2 വിലെ ഗീതാ പ്രഭാകറെയും നിങ്ങള്‍ ഏറ്റെടുത്തതില്‍ ഒത്തിരി ഒത്തിരി നന്ദി.. ആശ ശരത്ത് പറഞ്ഞു.
പി.ആർ. സുമേരൻ
Content Highlights: Malayalam Movie Drishyam 2 Mohanlal Asha Sarath Jeethu Joseph