നടനായ മകന്റെ മരണം,ഹിറ്റ് ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലെന്നുപോലും മറന്നു;നൊമ്പരമായി പി.കെ.ആർ പിള്ള


2 min read
Read later
Print
Share

മോഹൻലാലിനെ താരപദവിയിലേക്ക് ഉയർത്തിയ ശോഭ്‌രാജ്, ചിത്രം, വന്ദനം, അമൃതംഗമയ, അഹം, കിഴക്കുണരുംപക്ഷി തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം നിർമാതാവ്.

പി.കെ.ആർ പിള്ള | PHOTO: FACEBOOK / MADHUPAL KANNAMBATH

ട്വിസ്റ്റുകൾ നിറഞ്ഞ ജീവിതത്തിനൊടുവിലാണ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ. പിള്ള (പരിശപ്പറമ്പിൽ കുഞ്ഞൻപിള്ള രാമചന്ദ്രൻപിള്ള-92) കഴിഞ്ഞ ദിവസം വിടവാങ്ങിയത്. അസുഖങ്ങളും ഓർമ്മക്കുറവും മൂലം ദീർഘകാലമായി കണ്ണാറ മണ്ടൻചിറയിലെ വീട്ടിൽ കഴിയുകയായിരുന്നു അദ്ദേഹം. ഷിർദ്ദിസായി പ്രൊഡക്ഷൻസിന്റെ ബാനറിൽ 16 മലയാളചിത്രങ്ങൾ നിർമ്മിക്കുകയും എട്ട് ചിത്രങ്ങൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. 1984-ൽ നിർമ്മിച്ച ‘വെപ്രാളം’ ആണ് ആദ്യ സിനിമ. ഇതിൽ ഇരട്ടവേഷം അവതരിപ്പിക്കുകയും ചെയ്തു.

1988-ൽ നിർമ്മിച്ച് ഒരു വർഷത്തിലധികം തുടർച്ചയായി ഒരു തിയേറ്ററിൽ പ്രദർശിപ്പിച്ച ‘ചിത്രം’ എന്ന മോഹൻലാൽ-പ്രിയദർശൻ സിനിമ മലയാള സിനിമാചരിത്രത്തിലെയും പി.കെ.ആർ. പിള്ളയുടെ നിർമ്മാണചരിത്രത്തിലെയും നാഴിക്കല്ലായിരുന്നു. മോഹൻലാലിനെ താരപദവിയിലേക്ക് ഉയർത്തിയ ശോഭ്‌രാജ്, ചിത്രം, വന്ദനം, അമൃതംഗമയ, അഹം, കിഴക്കുണരുംപക്ഷി തുടങ്ങിയ ചിത്രങ്ങളെല്ലാം നിർമിച്ചത് ഇദ്ദേഹമാണ്.

1933-ൽ എറണാകുളത്ത് കൂത്താട്ടുകുളത്ത് ജനിച്ച പി.കെ.ആർ. പിള്ള സ്റ്റാർനെറ്റ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് എന്ന ചെറിയ സംരംഭം വളർത്തിവലുതാക്കിക്കൊണ്ടാണ് ജീവിതമാരംഭിച്ചത്. ബിസിനസുമായി ബന്ധപ്പെട്ട് മുംബൈയിലേക്ക് താമസം മാറ്റിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. പിന്നെ അവിടെനിന്ന് നേട്ടങ്ങൾ ഓരോന്നായി കൈയടക്കി.

സിനിമപോലെ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന് കുതിരപ്പന്തയങ്ങൾ. സ്വന്തമായി രണ്ട് ഡസനിലേറെ കുതിരകളുമുണ്ടായിരുന്നു. മുംബൈ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. 2002-ൽ നിർമ്മിച്ച ‘പ്രണയമണിത്തൂവലാ’ണ് അവസാന സിനിമ. 2006-ൽ വിതരണംചെയ്ത ‘അച്ഛനുറങ്ങാത്ത വീടി’നു ശേഷം പൂർണമായും സിനിമാരംഗത്തോട് വിടപറഞ്ഞു.

‘സെക്കൻഡ് ഷോ’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച് ശ്രദ്ധനേടിയ മകൻ സിദ്ധുവിനെ 2018-ൽ ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ അദ്ദേഹത്തിന്റെ ഓർമ്മകളുടെ താളവും തെറ്റി. അന്നു മുതൽ വീടിന്റെ മുകൾനിലയിൽ മകൻ വരുന്നതും കാത്തിരിപ്പായിരുന്നു.

ചാനലുകളിൽ ഇന്നും തുടർച്ചയായി പ്രദർശിപ്പിക്കുന്ന തന്റെ ഹിറ്റ് ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലാണെന്നുപോലും അദ്ദേഹം മറന്നുപോയി. ഇളയ മകളുടെ വിവാഹം നടത്താനും ചികിത്സയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടിലായ സന്ദർഭത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളെ ഭാര്യ രമ ജീവിതാവസ്ഥ അറിയിച്ചിരുന്നു. ഹിറ്റ് സിനിമകളുടെ സാറ്റലൈറ്റ് അവകാശമെങ്കിലും നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഒന്നും നടപ്പായില്ല. ഒടുവിൽ വീടിനടുത്ത് പട്ടിക്കാട്ട്‌ ഭാര്യയും മകളും കൂടി നടത്തിയിരുന്ന തുണിക്കടയിൽനിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. രാജേഷ്, പ്രീതി, സോനു, പരേതനായ സിദ്ധു എന്നിവരാണ് മക്കൾ.

നിർമ്മിച്ച ചിത്രങ്ങൾ: വെപ്രാളം, തത്തമ്മേ പൂച്ച പൂച്ച, ഏഴു മുതൽ ഒമ്പത് വരെ, പുലി വരുന്നേ പുലി, ഓണത്തുമ്പിക്കൊരൂഞ്ഞാൽ, ഒരു യുഗസന്ധ്യ, ശോഭ്‌രാജ്, അമൃതംഗമയ, ചിത്രം, വന്ദനം, അർഹത, കിഴക്കുണരും പക്ഷി, അഹം, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, പ്രണയമണിത്തൂവൽ.

വിതരണം ചെയ്ത ചിത്രങ്ങൾ: ഏഴു മുതൽ ഒമ്പത് വരെ, അയനം, ജാലകം, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, വിഷ്ണുലോകം, എന്നും സംഭവാമി യുഗേ യുഗേ, അച്ഛനുറങ്ങാത്ത വീട്.

പി.കെ.ആർ. പിള്ളയുടെ വിയോ​ഗത്തിൽ അനുശോചിച്ച് നിരവധിപേർ എത്തിയിരുന്നു. എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് താനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹിയായിരുന്നു പി.കെ.ആർ. പിള്ളയെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലാണ് മോഹൻലാൽ അദ്ദേഹത്തെ അനുസ്മരിച്ചത്.

തുടരെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് മലയാളസിനിമയിൽ മാറ്റത്തിന് തുടക്കം കുറിച്ച നിർമാതാവായിരുന്നു പി.കെ.ആർ. പിള്ളയെന്ന് ‘മാതൃഭൂമി’ മുഴുവൻസമയ ഡയറക്ടറും ചലച്ചിത്രനിർമാതാവുമായ പി.വി. ഗംഗാധരൻ പറഞ്ഞു. നഷ്ടപ്പെട്ടത് സഹോദരതുല്യനായ വ്യക്തിയെയാണ്. ബോക്സോഫീസിൽ ചരിത്രംകുറിച്ച സിനിമകളുടെ നിർമാതാവായ അദ്ദേഹം വളരെ അടുത്ത സുഹൃത്തുകൂടിയായിരുന്നുവെന്ന് പി.വി. ഗംഗാധരൻ അനുശോചനസന്ദേശത്തിൽ അറിയിച്ചു.

Content Highlights: malayalam film producer pkr pillai passed away life of pkr pilla

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
k radhakrishnan caste discrimination controversy actor Subish Sudhi supports minister

2 min

ഇത്തരം അമ്പലത്തില്‍ ഇനി പോകില്ല; മന്ത്രിയ്ക്ക് പിന്തുണയുമായി നടന്‍ സുബീഷ് സുധി

Sep 20, 2023


vijay antony daughter meera found dead by hanging suicide

2 min

ആരെയും ബുദ്ധിമുട്ടിക്കില്ല, സ്നേഹമുള്ള കുട്ടിയായിരുന്നു; വിജയ് ആന്റണിയുടെ മകളെക്കുറിച്ച് ജോലിക്കാരി

Sep 20, 2023


mukesh ambani ganesa chaturthi nayantara shahrukh khan sachin tendulkar many actors attend party

1 min

താരനിബിഡമായി അംബാനിയുടെ ഗണേശ ചതുര്‍ത്ഥി, തിളങ്ങി നയന്‍താരയും; വീഡിയോ

Sep 20, 2023


Most Commented