അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.കെ.ആർ. പിള്ള | ഫോട്ടോ: വി.പി. പ്രവീൺകുമാർ | മാതൃഭൂമി
തൃശ്ശൂര്‍: പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും ഷിര്‍ദി സായി ക്രിയേഷന്‍സ് നിര്‍മാണക്കമ്പനിയുടെ സ്ഥാപകനുമായ പി.കെ.ആര്‍. പിള്ള (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ പീച്ചിക്കടുത്ത് മന്ദന്‍ചിറയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹം സ്വവസതിയില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു. അവസാനകാലത്ത് ഓര്‍മക്കുറവും അലട്ടിയിരുന്നു.
1984-ല്‍ വെപ്രാളം എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് പി.കെ. രാമചന്ദ്രന്‍ പിള്ള എന്ന പി.കെ.ആര്‍ പിള്ള സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പതിനാറ് ചിത്രങ്ങള്‍ നിര്‍മിക്കുകയും എട്ടുചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. എണ്‍പതുകളില്‍ മോഹന്‍ലാലിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു പി.കെ.ആര്‍ പിള്ള. ശോഭരാജ്, അമൃതംഗമയ, ചിത്രം, വന്ദനം, അര്‍ഹത, കിഴക്കുണരും പക്ഷി, അഹം, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ തുടങ്ങിയവയാണ് നിര്‍മിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍.
ഏഴുമുതല്‍ ഒമ്പതുവരെ, ജാലകം, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, വിഷ്ണുലോകം, എന്നും സംഭവാമി യുഗേ യുഗേ, അച്ഛനുറങ്ങാത്ത വീട് എന്നിവയാണ് വിതരണം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ഏഴുമുതല്‍ ഒമ്പതുവരെ നിര്‍മിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ ആണ് നിര്‍മിച്ച അവസാനചിത്രം.
രമയാണ് ഭാര്യ. രാജേഷ്, പ്രീതി, സോനു, അന്തരിച്ച നടന്‍ സിദ്ധു എന്നിവരാണ് മക്കള്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധുവിനെ 2018-ല്‍ ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
Content Highlights: malayalam film producer pkr pillai passed away, pkr pillai movies, pkr pillai family


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..