പ്രതിഫല വിഷയത്തിൽ നിർമാതാക്കളുമായി ചർച്ചയ്ക്കു തയ്യാറാണെന്ന് നടീനടന്മാരുടെ സംഘടനയായ 'അമ്മ'യും സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുസംഘടനകളും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. വിഷയത്തിൽ എല്ലാവരുമായി കൂടിയാലോചിച്ച് ചർച്ച നടത്താമെന്നാണ് നിർമാതാക്കളുടെ നിലപാട്.

അടച്ചിടൽകാരണം സ്തംഭനാവസ്ഥയിലായ സിനിമ തിരിച്ചുവരണമെങ്കിൽ താരങ്ങളും മറ്റുള്ളവരും 25 മുതൽ 50 വരെ ശതമാനം പ്രതിഫലം കുറയ്ക്കണമെന്നായിരുന്നു നിർമാതാക്കൾ ആവശ്യപ്പെട്ടത്. സംഘടനയുടെ എക്‌സിക്യുട്ടീവ് യോഗം ചേർന്ന് വിഷയം ചർച്ചചെയ്യുമെന്ന് 'അമ്മ' ജനറൽസെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

സംഘടന ചർച്ചചെയ്‌തെടുക്കുന്ന തീരുമാനമാകും നിർമാതാക്കളെ അറിയിക്കുക. സംഘടനയുടെ കീഴിലുള്ള 19 സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഫെഫ്ക ജനറൽസെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനും പറഞ്ഞു.

Content Highlights: Malayalam Cinema, Lock down Crisis, remuneration, FEFKA, AMMA, actors