വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തിയത് വാർത്തയായിരുന്നു. അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട് എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് റിമ കുറിച്ചത്. അതിന് പിന്നാലെ അനശ്വരയ്ക്കും റിമയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാളത്തിലെ ഒരുകൂട്ടം യുവനടിമാർ രംഗത്തെത്തി.
അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി, ഗായിക ഗൗരി ലക്ഷ്മി, അനുപമ പരമേശ്വരൻ, ഗ്രേസ് ആന്റണി, നിമിഷ സജയൻ എന്നിവരാണ് റിമ മുന്നോട്ട് വച്ച ഞങ്ങൾക്കും കാലുകളുണ്ട്(Yes We Have Legs) എന്ന ക്യാമ്പയിന് ഏറ്റെടുത്ത് കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചും, വയറ്‍ കാണുന്ന വസ്ത്രം ധരിച്ചുമുള്ള തങ്ങളുടെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിലെ സദാചാരവാദികൾക്ക്, ഓൺലൈൻ ആങ്ങളമാർക്ക് മറുപടി നൽകിത്.
ഇപ്പോൾ ഈ ക്യാമ്പയിൻ മലയാളത്തിൽ ഓളം സൃഷ്ടിക്കുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. റിമയുടെ ആശയത്തിന് ഐക്യദാർഢ്യവുമായി കൂടുതൽ യുവനടിമാർ തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് ഓൺലൈൻ സദാചാരക്കാർക്ക് മറുപടി നൽകുകയാണ്.
Read More : ഓൺലൈൻ ആങ്ങളമാരേ, ഈ കാലുകൾ, ഈ ശരീരങ്ങൾ കണ്ടോ?
നസ്രിയ, അന്ന ബെൻ, നയൻതാര ചക്രവർത്തി, എസ്തർ, രജിഷ വിജയൻ, അമേയ,അപൂർവ ബോസ്, അർച്ചന തുടങ്ങി നിരവധിപേരാണ് വിഷയത്തിൽ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.
‘കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം " ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ്.’–ചിത്രം പങ്കുവച്ച് നടി അമേയ കുറിച്ചു.
"ഞാനെന്തെങ്കിലും എഴുതണമോ? നിങ്ങൾക്കതറിയാം, നമുക്കെല്ലാവർക്കുമറിയാം. കാലുകൾ തുടകൾ. ഞാൻ നിങ്ങളെ ആരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ടോ? കാര്യമാക്കണ്ട. എന്റെ സുഹൃത്ത് ആദിത്യൻ പകർത്തിയ ചിത്രമാണിത്. ഇതിലും ചെറിയ വസ്ത്രങ്ങളിൽ അവൻ എന്നെ കണ്ടിട്ടുണ്ട്. എന്നിട്ടും ഇതേ വരെ ഇപ്പറയുന്ന വാട്സാപ്പ് അമ്മാവന്മാരെ പോലെയോ, കുല പുരുഷന്മാരെ പോലെയോ പെരുമാറിയിട്ടില്ല. ആദിയെ പോലെ ആകൂ".. ചിത്രം പങ്കുവച്ച് നടി എസ്തർ അനിൽ കുറിക്കുന്നു.
തന്റെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയാണ് അനശ്വരയ്ക്ക് കടുത്ത സൈബർ ആക്രമണം നേരിട്ടത്. ഇതോടെ മറുപടിയുമായി അനശ്വര തന്നെ രംഗത്തെത്തുകയും ചെയ്തു.
"ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ.". ഇങ്ങനെയായിരുന്നു വിമർശനങ്ങൾക്കിടയാക്കിയ അതേ വേഷം അണിഞ്ഞു കൊണ്ടുള്ള ചിത്രം പങ്കുവച്ച് അനശ്വര കുറിച്ചത്.
Content Highlights : Malayalam Actresses Supports Yes We Have Legs Campaign against cyber attacks Anaswara Rajan rima Kallingal