കനി കുസൃതി,അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ,ഗൗരി ലക്ഷ്മി
വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തിയത് വാർത്തയായിരുന്നു. അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട് എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് റിമ കുറിച്ചത്. ഇപ്പോഴിതാ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ യുവനടിമാർ.
അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി, ഗായിക ഗൗരി ലക്ഷ്മി, അനുപമ പരമേശ്വരൻ, ഗ്രേസ് ആന്റണി, നിമിഷ സജയൻ എന്നിവരാണ് അനശ്വരയ്ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. റിമ മുന്നോട്ട് വച്ച ക്യാമ്പയിന് ഏറ്റെടുത്ത് കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചും, വയറ് കാണുന്ന വസ്ത്രം ധരിച്ചുമുള്ള തങ്ങളുടെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിലെ സദാചാരവാദികൾക്ക്, ഓൺലൈൻ ആങ്ങളമാർക്ക് മറുപടി നൽകുന്നത്.
നിശാവസ്ത്രത്തിലുള്ള ഒരു ചിത്രമാണ് അനുപമ പരമേശ്വരൻ പങ്കുവച്ചത്. കാലുകൾ കാണിക്കൂ പെൺകുട്ടികളേ അവ നിങ്ങളുടെ ആണ് എന്ന് പറഞ്ഞാണ് അനാർക്കലി തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
കാല് കാണിച്ചുള്ള യോഗ വിഡിയോ പങ്കുവച്ചായിരുന്നു കനിയുടെ പ്രതികരണം.
നീണ്ട കുറിപ്പിലൂടെയാണ് അഹാനയും ഗൗരിയും പ്രതികരിച്ചത്.
''അതെ ഓൺലൈൻ ആങ്ങളമാരേ, ഞങ്ങൾക്കു കാലുകൾ ഉണ്ട്. കാലുകൾ മാത്രമല്ല കൈകൾ, തോളുകൾ, കക്ഷം, മാറിടം, യോനി എന്നിങ്ങനെ തൊലിയിൽ പൊതിഞ്ഞ ഒരു പൂർണമായ ശരീരം ഞങ്ങൾക്കുണ്ട്. നിങ്ങളുടെ അറിവിലേയ്ക്കായി, ഞങ്ങൾ യഥാർഥത്തിൽ ശരീരത്തിനു മേൽ വസ്ത്രം ധരിക്കുന്നുണ്ട് ചേട്ടന്മാരേ,. ഞങ്ങൾ പൂർണ വസ്ത്രധാരികളായല്ല ജനിച്ചത്. ''
''വസ്ത്രം ധരിക്കണോ വേണ്ടയോ എന്നും ധരിച്ചാൽ ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങൾ മൂടണം എന്നും ഏതൊക്കെ ഭാഗങ്ങൾ പുറമേ കാണിക്കണം എന്നും ഞങ്ങളാണ് തീരുമാനിക്കുന്നത്. അത് ഞങ്ങളുടെ മാത്രം ഇഷ്ടമാണ്. നിങ്ങളുടേതല്ല. നിങ്ങളുടെ ലൈംഗികദാരിദ്ര്യത്തിന് എന്തെങ്കിലും സഹായകമാവുമെങ്കിൽ സ്ത്രീകളുടെ പോസ്റ്റിന് താഴെ കുരച്ച് കൊണ്ടിരിക്കൂ.''– ഗൗരി ലക്ഷ്മി കുറിച്ചു.
തന്റെ കമന്റ് ബോക്സിൽ അശ്ലീലം വിളമ്പാൻ നിക്കുന്ന അധമന്മാരുടെ ശ്രദ്ധ കിട്ടാനായി കുട്ടിയുടുപ്പിട്ട ചിത്രം പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞാണ് അഹാനയുടെ കുറിപ്പ് ആരംഭിക്കുന്നത്. "ഞാൻ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാൻ ഇതുപോലെ ഷോർട്സ് ധരിക്കും, സാരി, ഷർട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും. എന്റെ കാരക്ടർ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ആർക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്റെ വസ്ത്രത്തെ അല്ല. സ്ത്രീയാകട്ടെ പുരുഷനാകട്ടെ, അവരുടെ കയ്യും കാലും വയറുമൊക്കെ ഒന്നുതന്നെയാണ്. അതിൽ ഒരു വ്യത്യാസവും എനിക്ക് കാണാനാകുന്നില്ല. ഇപ്പോൾ ഒരു പുരുഷൻ അവന്റെ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താൽ, അത് പ്രചോദനമായി, മാസ് ആയി ഹോട്ട് ആയി. പക്ഷേ അതൊരു പെൺകുട്ടി ചെയ്താലോ അവൾ ലൈംഗിക താത്പര്യം ഉള്ളവളായി, ശ്രദ്ധ നേടുന്നവളായി,നാണമില്ലാത്തവളായി..
ഈ ചിത്രം ഞാൻ പങ്കുവച്ചതിന് ഒരു അർഥമേ ഉള്ളൂ എനിക്ക് ആ ചിത്രം അത്രമേൽ ഇഷ്ടമാണ് അത് എന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. അതിന് മറ്റൊരു അർഥം കണ്ടെത്തുന്നത് നിങ്ങളുടെ ദൗർഭാഗ്യകരമായി ജീവിത സാഹചര്യങ്ങളും നിങ്ങൾക്ക് ലഭിക്കാത്ത കാര്യങ്ങളുടെ പ്രതിഫലനമാണ്''- അഹാന കുറിക്കുന്നു
Content highlights : Malayalam Actresses Against cyber Attacks Yes We Have legs Campaign
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..