ആലപ്പുഴ: മുതിര്‍ന്ന നടി  പി.കെ.കാഞ്ചന (89) അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേതാവാണ്.

കലാനിലയം നാടകങ്ങളില്‍ സജീവമായിരുന്ന കാഞ്ചന  1950ല്‍ എം.ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത പ്രസന്നയിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള രംഗപ്രവേശം. കൊട്ടാരക്കര, പാപ്പുക്കുട്ടി ഭാഗവതര്‍, രാഗിണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ചങ്ങനാശ്ശേരി ഗീഥയിലും അഭിനയിച്ചിട്ടുണ്ട്. ജോസ് പ്രകാശ്, ഓച്ചിറ വേലുക്കുട്ടി, രാജന്‍ പി.ദേവ്  എന്നിവര്‍ക്കൊപ്പം നാടകങ്ങളില്‍ വേഷം ചെയ്തിട്ടുണ്ട്.

സിനിമാ, നാടക നടനായ കുണ്ടറ ഭാസിയായിരുന്നു ഭര്‍ത്താവ്. വിവാഹത്തോടെയാണ് സിനിമാരംഗത്ത് നിന്നു വിട്ടുനിന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2016ല്‍ പുറത്തിറങ്ങിയ ഓലപ്പീപ്പി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വെള്ളിത്തിരയിലെത്തിയത്. ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മൂമ്മയായാണ് കാഞ്ചന അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. അതിനുശേഷം കെയര്‍ ഓഫ് സൈറാബാനു, ക്രോസ് റോഡ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ക്രോസ് റോഡായിരുന്നു അവസാന ചിത്രം.

Content Highlights: Malayalam Actress PKKanchana Passes Away