പ്രേമം എന്ന വികാരം പലതവണ അഭ്രപാളിയില്‍ പ്രമേയമായിട്ടുണ്ടെങ്ങിലും ഒരിക്കലും ആവര്‍ത്തന വിരസത കൊണ്ട് ആളുകളെ മടുപ്പിക്കില്ല. അതിന് ഉദാഹരണമാണ് 2015 ല്‍ ഇറങ്ങിയ പ്രേമം എന്ന ചിത്രം. പാടിപഴകിയ കഥതന്നെയാണ് അല്‍ഫോണ്‍സ് പുത്രന്‍ എന്ന യുവ സംവിധായകന്‍ നമുക്കു മുമ്പില്‍ എത്തിച്ചതെങ്കിലും അവതരണത്തിലെ വ്യത്യസ്തത പ്രേമത്തെ ഈയടുത്തിറങ്ങിയ ഏതു ചിത്രത്തേക്കാളും ജനപ്രിയമാക്കിമാറ്റി.

സിനിമക്കൊപ്പം തന്നെ പ്രേമത്തിലെ ഗാനങ്ങളേയും ജനങ്ങള്‍ നെഞ്ചിലേറ്റി. പൈന്‍ കാടുകള്‍ക്കിടയില്‍ മഞ്ഞിന്റെ തണുപ്പില്‍ ജോര്‍ജിന്റയും മലരിന്റെയും പ്രേമ മുഹൂര്‍ത്തങ്ങളെ ഒപ്പിയെടുത്ത 'മലരേ നിന്നെ കാണാതിരുന്നാല്‍..................' എന്ന ഗാനം ഇപ്പോഴും നാം പലരുടെയും മനസില്‍ നിന്ന് ഇന്നും ഇറങ്ങിപ്പോയിട്ടില്ല. ശബരീഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക്  രാജേഷ് മുരുകന്‍ ഈണം നല്‍കിയ ഈ ഗാനം വിജയ് യേശുദാസാണ് പാടിയത്. 

സിനിമ ഇറങ്ങി ഒരു വര്‍ഷം തികയുമ്പോളിതാ മലരേ എന്ന ഗാനത്തിന് ഹിന്ദി പതിപ്പുകൂടിയെത്തുന്നു. 'ബാതോ സേ തുംനേ ദീ.......' എന്ന് തുടങ്ങുന്ന ഈ ഗാനം വിഭാസ് പുരുഷു വാണ് പാടിയിരിക്കുന്നത്. ശ്രീരാജ് കുറുപ്പാണ് മനോഹരമായ വരികള്‍ എഴുതിയിരിക്കുന്നത്. 'എന്റെ ഏറ്റവും പ്രിയപ്പെട്ട നടനായ നിവിന്‍ പോളിക്ക് വേണ്ടി' എന്നാണ് ശ്രീരാജ് കുറുപ്പ് യു ട്യൂബില്‍ ഹിന്ദി വേര്‍ഷന് താഴെ കുറിച്ചിരിക്കുന്നത്.