തൊണ്ണൂറുകളിലെ ബോളിവുഡ് ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളില്‍ ഇന്ത്യന്‍ ജനത ഏറ്റവും കൂടുതല്‍ പാടി നടന്ന ഗാനമായിരുന്നു ദില്‍സേയിലെ ഛയ്യാ ഛയ്യാ. തീവണ്ടിക്കു മുകളില്‍ കയറി ഷാരൂഖ് ഖാനും മലൈക അറോറയും കിടിലന്‍ നൃത്തച്ചുവടുകള്‍ കാഴ്ച്ചവയ്ക്കുന്ന ആ ഗാനരംഗം വേറിട്ട കാഴ്ചയായിരുന്നു.

എആര്‍ റഹ്മാന്റെ സംഗീതത്തില്‍ സുഖ്​വീന്ദര്‍ സിങും സപ്ന അവസ്തിയും ചേര്‍ന്നാലപിച്ച ഗാനവും മണിരത്നം സംവിധാനം ചെയ്ത ദില്‍സേ എന്ന സിനിമയും അന്നും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന കാഴ്ചയാണ് സമ്മാനിച്ചത്.

ഏറെ പണിപ്പെട്ടാണ് ഛയ്യ ഛയ്യയ്ക്ക് വേണ്ടി നൃത്തം ചെയ്തതെന്ന് പറയുകയാണ് മലൈക. ഒരു നൃത്ത റിയാലിറ്റി ഷോയിലാണ് ഗാനരംഗം ചിത്രീകരിച്ചതിന്റെ ഓര്‍മകള്‍ മലൈക പങ്കുവെച്ചത്.

ചലിക്കുന്ന ട്രെയിന് മുകളിലായിരുന്നു ചിത്രീകരിച്ചത്. എന്റെ അരയില്‍ സുരക്ഷയ്ക്ക് വേണ്ടി ഒരു കയര്‍ കെട്ടിയിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോള്‍ അരയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. നൃത്തം ചെയ്യുന്നതിനിടെ കയറ് വലിഞ്ഞു മുറുകി മുറിവുണ്ടായതൊന്നും ഞാന്‍ അറിഞ്ഞില്ല. അതുകണ്ട് എല്ലാവരും വല്ലാതെ ഭയപ്പെട്ടു-മലൈക പറഞ്ഞു.

ഷാരൂഖ് ഖാനും മലൈകയും നിരവധി ജൂനിയര്‍ ആര്‍സ്റ്റിട്ടുകളും ഗാനരംഗത്തില്‍ ഉണ്ടായിരുന്നു. റിഹേഴ്സലിനു ശേഷമായിരുന്നു ഷൂട്ടിങ്. മൂന്നു നാലു ദിവസങ്ങള്‍ കൊണ്ടാണ് ഗാനം ചിത്രീകരിച്ചത്.

Content Highlights: Malaika Arora recalls shooting with Shah Rukh Khan, for Chaiyya Chaiyya, Dilse, Maniratnam, AR Rahman