2017 ലാണ് 19 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ബോളിവുഡ് നടി മലൈക അറോറയും ഭര്‍ത്താവ്‌ അര്‍ബാസ് ഖാനും വിവാഹമോചിതരാകുന്നത്. ഇപ്പോള്‍ ഇരുവരും തങ്ങളുടേതായ വഴികളിലൂടെ മുന്നോട്ടു പോവുകയാണ്. അര്‍ബാസ് ഖാന്‍ ജോര്‍ജിയ ആന്‍ഡ്രിയാനിയില്‍ തന്റെ പ്രണയം കണ്ടെത്തിയപ്പോള്‍ മലൈകയും അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചയായി മാറി. 

ഇപ്പോള്‍ ആദ്യമായി തന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ്സ്‌ തുറന്നിരിക്കുകയാണ് മലൈക. അടുത്ത സുഹൃത്തും ബോളിവുഡ് നടിയുമായ കരീന കപൂര്‍ ഖാന്‍ അവതാരകയായെത്തുന്ന ഒരു റേഡിയോ ഷോയിലാണ് സന്തോഷകരമല്ലാത്ത തന്റെ ദാമ്പത്യത്തെക്കുറിച്ചും 19 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ചും മലൈക മനസ്സ്‌ തുറന്നത്.

തന്റെ സന്തോഷത്തേക്കാള്‍ ചുറ്റുമുള്ളവരുടെ സന്തോഷമായിരുന്നു തനിക്ക് വലുതെന്നും അതിനാലാണ് വിവാഹമോചനം എന്ന തീരുമാനം എടുത്തത് എന്നും  പറയുകയാണ് മലൈക.

'ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. ഇതിന്റെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അങ്ങനെ ഞങ്ങള്‍ തീരുമാനിച്ചു.  ഞങ്ങളുടേതായ വഴികളിലൂടെ മുന്നോട്ട് പോകാം എന്ന്. കാരണം അത് ഞങ്ങളെ കുറച്ച് കൂടി മികച്ച വ്യക്തികളാക്കുമെന്ന് മനസിലാക്കി.. കാരണം ചുറ്റുമുള്ളവരെപ്പോലും ബാധിക്കുന്ന വിധത്തില്‍ അസന്തുഷ്ടകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്..'' - മലൈക പറയുന്നു.

വിവാഹമോചനത്തില്‍ തന്റെ മകന്റെ പ്രതികരണത്തെക്കുറിച്ചും താരം മനസ്സ്‌ തുറന്നു. 

" എന്റെ മകന്‍ സന്തോഷകരമായ ഒരു ചുറ്റുപാടിലാകണം വളരേണ്ടത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അല്ലാതെ ഭിന്നിപ്പുള്ള ഒരു ചുറ്റുപാടില്‍ അവന്‍ വളര്‍ന്നു വരാന്‍ ഞാന്‍ ആഗ്രച്ചില്ല. കാലം മുന്നോട്ട് പോകും തോറും അവന്‍ അതെല്ലാം  മനസിലാക്കാനും കൂടുതല്‍ സന്തോഷവാനാകാനും തുടങ്ങി. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ രണ്ടു വ്യക്തികളെന്ന നിലയില്‍ ഞങ്ങള്‍ ഇന്നു സന്തുഷ്ടരാണെന്ന് അവന്‍ മനസ്സിലാക്കുന്നു.. അമ്മയിങ്ങനെ ചിരിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു എന്ന് ഒരു ദിവസം അവന്‍ എന്നോടു പറഞ്ഞു". മലൈക പറയുന്നു.

വിവാഹമോചനത്തിന് ശേഷം മകന്‍ അര്‍ഹാന്റെ സംരക്ഷണാവകാശം മലൈകക്കാണ് ലഭിച്ചത്.

Content Highlights : Malaika Arora on her divorce with Arbaaz Khan Malaika Arjun Kapoor Love Affair