താൻ കോവിഡ് രോ​ഗമുക്തയായ സന്തോഷം പങ്കുവച്ച് ബോളിവുഡ് നടി മലൈക അറോറ. ദിവസങ്ങൾക്ക് ശേഷം മുറിയിൽ നിന്നും പുറത്തിറങ്ങിയതിന്റെ ചിത്രം പങ്കുവച്ച കുറിപ്പിലൂടെയാണ് കോവിഡ് രോ​ഗമുക്തി നേടിയ കാര്യം മലൈക വ്യക്തമാക്കിയത്.

"ദിവസങ്ങൾക്ക് ശേഷം ഞാൻ മുറിക്ക് പുറത്തിറങ്ങി. കുറഞ്ഞ വേദനയോടും അസ്വസ്ഥതയോടും കൂടി ഈ വൈറസിനെ മറികടക്കാനായതിൽ ഞാൻ ഭാഗ്യവതിയാണെന്ന് തോന്നുന്നു. ആരോ​ഗ്യകാര്യങ്ങളിൽ വേണ്ട മാർ​ഗനിർദേശം തന്ന എന്റെ ഡോക്ടർമാരോട് നന്ദി പറയുന്നു, ഈ പ്രക്രിയ എളുപ്പമാക്കിയതിന് ബ്രിഹാൻ കോർപ്പറേഷനോട്, തന്ന പിന്തുണയ്ക്ക് എന്റെ കുടുംബത്തോട്, അയൽക്കാരോട്, ആരാധകരോട്...നിങ്ങളുടെ സന്ദേശങ്ങളിലൂടെയുള്ള ആശംസകളും പിന്തുണയും എനിക്ക് ഏറെ കരുത്തേകി, ഈ കഠിനമായ സമയത്ത് കൂടെ നിന്ന ഓരോരുത്തരോടും നന്ദി പറഞ്ഞാൽ മതിയാകില്ല,. എല്ലാവരും സുരക്ഷിതരായിരിക്കൂ.. മലൈക കുറിച്ചു.

ഡാൻസ് റിയാലിറ്റി ഷോയിൽ അതിഥിയായി പങ്കെടുക്കുന്നതിനിടയിലാണ് മലൈകയ്ക്ക് കോവിഡ് പിടിപെടുന്നത്. ബിടൗൺ താരവും കാമുകനുമായ അർജുൻ കപൂറിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് മലൈകയും കോവിഡ് വിവരം പോസ്റ്റ് ചെയ്യുന്നത്. തനിക്ക് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച് വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുമെന്നും മലൈക കുറിച്ചിരുന്നു.

തന്റെ ഹോംക്വാറന്റീനെക്കുറിച്ചും ഏകാന്തവാസത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും മല്ലിക പങ്കുവെച്ചിരുന്നു.

ക്വാറന്റീൻ കാലത്ത് താൻ ഏറ്റവും ആസ്വദിച്ച് ചെയ്ത കാര്യം വായനയാണെന്നു പറയുന്നു മലൈക. മകനെ കാണാൻ കഴിയാതിരുന്നതാണ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും മലൈക. ഇരുവരും ബാൽക്കണിയിൽ നിന്നാണ് പരസ്പരം സംസാരിച്ചിരുന്നത്. മകനെ ദൂരെ നിന്ന് കാണുന്നതിന്റെ ചിത്രവും മലൈക അടുത്തിടെ പങ്കുവച്ചിരുന്നു. മകനും പ്രിയപ്പെട്ട പട്ടിയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. തന്റെ ഈ രണ്ടു കുഞ്ഞുങ്ങളെ പുണരാൻ കഴിയാത്തതോർത്ത് ഹൃദയം തകരുന്നുവെന്ന് പറഞ്ഞാണ് മലൈക ചിത്രം പങ്കുവച്ചിരുന്നത്.

കൊറോണയെ തുരത്താൻ വീട്ടിൽ സ്വീകരിച്ച മാർ​ഗങ്ങളെക്കുറിച്ചും മലൈക പറയുന്നുണ്ട്,. ആരോ​ഗ്യത്തോടെയിരിക്കാൻ എല്ലാവരും ഹെൽത്തി ഡയറ്റ് പിന്തുടരുകയും വ്യായാമം ശീലമാക്കുകയും ചെയ്യണമെന്നു പറയുകയാണ് മലൈക. ഇഞ്ചിയും കുങ്കുമപ്പൂവും ബദാമുമൊക്കെ താൻ ശീലമാക്കിയിരുന്നു. ഉണർന്നാലുടൻ ചുക്കും മഞ്ഞളും ശർക്കരയും നെയ്യും ചേർത്തുള്ള മിശ്രിതം കഴിക്കുന്ന പതിവുമുണ്ടായിരുന്നെന്നും മലൈക പറയുന്നു.


Content Highlights :Malaika Arora Covid negative says she overcomes COVID 19 with minimum pain and discomfort