മേജർ സിനിമയുടെ അണിയറപ്രവർത്തകരും സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ അച്ഛനമ്മമാരും യോഗി ആദിത്യനാഥിനൊപ്പം | ഫോട്ടോ: www.instagram.com/adivisesh/
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ശശി കിരൺ ടിക്ക സംവിധാനം ചെയ്ത മേജർ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രചരണാർത്ഥം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചിരിക്കുകയാണ് നായകൻ ആദിവി ശേഷും അണിയറപ്രവർത്തകരും. സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ അച്ഛനമ്മമാരും ഇവർക്കൊപ്പമുണ്ടായിരുന്നു.
സന്ദർശനത്തിന്റെ ചിത്രങ്ങൾ ആദിവി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന മുഹൂർത്തം എന്നാണ് കൂടിക്കാഴ്ചയേക്കുറിച്ച് താരം എഴുതിയിരിക്കുന്നത്. അതിഥികൾക്ക് യോഗി ഷാളും വെള്ളിനാണയങ്ങളും സമ്മാനിച്ചു. പത്തുമിനിറ്റ് സിനിമ കണ്ട അദ്ദേഹം മേജറിനെ അഭിനന്ദിച്ചു. മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതം യു.പിയിലെ യുവാക്കളിലേക്കെത്തിക്കാനാവശ്യമായ സഹായം ചെയ്യുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായും ആദിവി പറഞ്ഞു.
ശശികിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നായകനായ ആദിവി ശേഷ് തന്നെയാണ്. കേരളമടക്കം റിലീസ് ചെയ്ത എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രകാശ് രാജ്, രേവതി എന്നിവരാണ് സന്ദീപിന്റെ അച്ഛനമ്മമാരായി എത്തുന്നത്. മുരളി ശർമയാണ് മറ്റൊരു താരം. ശോഭിത ധുലിപാല, സായി മഞ്ജരേക്കർ എന്നിവരാണ് നായികമാർ. ആദിവി ശേഷ് തന്നെയാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.
ശ്രീ ചരൺ പകാല സംഗീതസംവിധാനവും വംശി പച്ചിപുലുസു ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. തെലുങ്കിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മലയാള സംഭാഷണങ്ങൾ യദു-അഭിജിത് എം എന്നിവരാണ് എഴുതിയിരിക്കുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.
2008-ലെ ഭീകരാക്രമണത്തിനിടെ 14 പേരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..