ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ മിക്ക സിനിമാപ്രവര്‍ത്തകരും സിനിമകളുടെ റിലീസ് തീയതികള്‍ മാറ്റിവെയ്ക്കുകയാണ്. ഇതില്‍ പലരും സിനിമ റിലീസിനായി ഒ.ടി.ടിയെ ആശ്രയിക്കുകയാണ്. ഭൂരിഭാഗവും ഇതിനെ എതിര്‍ക്കുമ്പോഴും കുറച്ചുപേര്‍ പുതിയ സാധ്യതകളെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. 

ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്കു പതിപ്പായ ഉമ മഹേശ്വര ഉഗ്ര രൂപസ്യയാണ് ഇപ്പോള്‍ അവസാനമായി ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. എന്നാല്‍ റിലീസിന്റെ കാര്യം തീരുമാനമായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. നെറ്റ്ഫ്‌ലിക്‌സുമായി ചര്‍ച്ചകളിലാണെന്നും എല്ലാ സാധ്യതകളും നോക്കുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു. 

സത്യദേവ് കാഞ്ചരണ നായകനായ ഉമ മഹേശ്വര ഉഗ്ര രൂപസ്യയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയായി. ഏപ്രില്‍ 17-ന് തിയ്യറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. 

തിയ്യറ്ററുകള്‍ തുറക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കാലതാമസം എടുക്കുകയാണെങ്കില്‍ മാത്രം മറ്റ് സാധ്യതകളെ കുറിച്ച് ആലോചിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വരും ആഴ്ചകളില്‍ ഇതിനെകുറിച്ച് തീരുമാനം എടുക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Maheshinte Prathikaram telugu remake Uma Maheshwara Ugra Roopasya may get a OTT release