-
ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന വേളയിൽ മുതിർന്ന സംവിധായകൻ മഹേഷ് ഭട്ടും അന്തരിച്ച ബോളിവുഡ് നടി ജിയാ ഖാനും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോ വൈറലാവുന്നു. 2004 ൽ പകർത്തിയതെന്ന് പറയപ്പെടുന്ന വീഡിയോയിൽ ജിയയ്ക്ക് 16 വയസാണ് പ്രായമെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയും മഹേഷും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യപ്പെടുന്ന വേളയിലാണ് ജിയയുമൊത്തുള്ള വീഡിയോ പുറത്ത് വരുന്നത്.സുശാന്തിന്റെ മരണത്തിന് മുമ്പ് റിയയും മഹേഷും തമ്മിൽ അയച്ചതെന്ന് പറയപ്പെടുന്ന വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സുശാന്തുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിയയുടെ സന്ദേശത്തിന് മുന്നോട്ട് പോകുവാൻ ധൈര്യം പകർന്നാണ് മഹേഷിന്റെ മറുപടി. ഈ സംഭവം വിവാദമായതിന് പിന്നാലെയാണ് ഇപ്പോൾ പഴയ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
2007ൽ രാം ഗോപാൽ വർമ ചിത്രം നിശബ്ദിലൂടെയാണ് ജിയ ഖാൻ അഭിനയരംഗത്തെത്തുന്നത്. 2004ൽ റിലീസ് ചെയ്ത തുംസ നഹിൻ ദേഖ എന്ന ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ജിയയെയായിരുന്നു. മഹേഷ് ഭട്ടിന്റെ സഹോദരൻ മുകേഷ് ഭട്ട് ആയിരുന്നു ഈ സിനിമ നിർമിച്ചത്.
ജിയാ ഖാന്റെ മരണവും ആത്മഹത്യയായിരുന്നു. 2013ൽ മുംബൈയിലെ വസതിയിൽ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ജിയയെ കണ്ടെത്തുന്നത്. കാമുകൻ സൂരജ് പഞ്ചോളിയാണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് ജിയയുടെ കുടുംബം ആരോപിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ കേസ് റദ്ദാക്കുകയായിരുന്നു.
Content Highlights : Mahesh Bhatt ols video with Jia Khan went Viral Rhea Chakraborty Sushanth Singh rajput
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..