വ്യാജ വാർത്തകൾ കൊടുക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി രം​ഗത്ത് വന്ന നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പിന്തുണയുമായി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയും മഹേഷ് ബാബുവും.

വ്യാജ വാർത്തകൾ തനിക്കും തന്റെ കുടുംബത്തിനും വേദന സമ്മാനിച്ചിട്ടുണ്ടെന്നും ദേവരകൊണ്ടയ്‌ക്കൊപ്പം താനുണ്ടെെന്നും ഈ ആവേശത്തെ കെടുത്താൻ ഒന്നിനെയും അനുവദിക്കരുതെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

ഇത്തരം വ്യാജ വാർത്തകൾക്കെതിരേ രം​ഗത്ത് വരാൻ സഹപ്രവർത്തകരോട് ആവശ്യപ്പെടുകയാണെന്ന് മഹേഷ് ബാബു ട്വീറ്റ് ചെയ്തു.

ജനങ്ങളുടെ സ്നേഹവും ആദരവും നേടാൻ വർഷങ്ങളുടെ കഠിനാധ്വാനം, പരിശ്രമം, ക്ഷമ, അഭിനിവേശം, ത്യാഗം എന്നിവ ആവശ്യമാണ്. നിങ്ങളുടെ ഭാര്യ അർഹിക്കുന്ന ഭർത്താവാകാനും നിങ്ങളുടെ കുട്ടികൾ  ആഗ്രഹിക്കുന്ന സൂപ്പർഹീറോ പിതാവാകാനും നിങ്ങളുടെ ആരാധകർ ആഗ്രഹിക്കുന്ന സൂപ്പർസ്റ്റാർ ആകാനുമാണ്  നിങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ പെട്ടെന്ന് ഒരു നാൾ മുഖമില്ലാത്ത ഒരുവൻ പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായവൻ, നിങ്ങളെ അപമാനിക്കും , വായനക്കാരോട് കള്ളം പറയും, തെറ്റായ വിവരങ്ങൾ പരത്തും, എല്ലാം അടുത്ത ചെക്കിനായി വേണ്ടി. എനിക്ക് നമ്മുടെ മനോ​ഹരമായ തെലുങ്ക് സിനിമാ മേഖലയെ സംരക്ഷിക്കണം, എന്റെ ആരാധകരെ സംരക്ഷിക്കണം, എന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കണം. ഇത്തരം വ്യാജ വെബ്സൈറ്റുകൾക്കെതിരേ ഒന്നിക്കാൻ ഞാനെന്റെ സഹപ്രവർത്തകരോട് ആവശ്യപ്പെടുകയാണ് .. മഹേഷ് ബാബു ട്വീറ്റ് ചെയ്തു.

അഭിമുഖം നൽകാൻ തയ്യാറായില്ലെങ്കിൽ സിനിമാതാരങ്ങൾക്കെതിരേ വാർത്ത കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തിനാണെന്നായിരുന്നു വിജയ് ആരോപിച്ചത്

വിജയുടെ പേരിലുള്ള സംഘടന ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം നൽകിയിരുന്നു. എന്നാൽ യഥാർഥ കണക്കുകൾ മറച്ചുവച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് വിജയ് ആരോപിക്കുന്നു.

വിജയുടെ വാക്കുകൾ

അഭിമുഖം നൽകിയില്ല എങ്കിൽ ചില മാധ്യമ സ്ഥാപനങ്ങൾ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു ഞങ്ങൾക്കുനേരേ ചെളിവാരി എറിയുന്നു. ‍ഞങ്ങളുടെ പുതിയ റീലീസ് ചിത്രങ്ങളെ അടിച്ചമർത്തുന്നു. മോശം റേറ്റിങ് നൽകുന്നു. അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് എന്ത് യോ​ഗ്യതയാണുള്ളത്? നിങ്ങൾക്ക് എന്ത് ധാർമികതയാണുള്ളത്? 

ഞങ്ങൾക്ക് ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ഒരു വെബ്സെെറ്റ് ഈയിടെ എഴുതി. 2200 കുടുംബംഗങ്ങളെയാണ് ഞങ്ങൾ സഹായിച്ചത്. അത്യാവശ്യക്കാരെ കണ്ടെത്തി അവർക്ക് സഹായം എത്തിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഞങ്ങൾ എന്താണ് ചെയ്തത് എന്ന് വ്യക്തമായി അറിയണമെങ്കിൽ ഖമ്മത്തിലുള്ള ഒരു പാവപ്പെട്ട സ്ത്രീയുണ്ട്, അവരോട് ചോദിക്കൂ. ലോക്ക് ഡൗൺകാലത്ത്  10 രൂപ പോലും സമ്പാദിക്കാൻ അവർക്ക് കഴിയുന്നില്ല. പാവപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകളും നിങ്ങൾ കൊടുക്കുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ തന്നെ നിങ്ങൾക്ക് നേരേ തിരിയും.

ഞങ്ങളെക്കുറിച്ച് നല്ലത് എഴുതണമെങ്കിൽ നിങ്ങൾ‍ക്ക് പണം നൽകണമോ? ഞങ്ങൾ നിങ്ങൾക്ക് പരസ്യം തരുന്നുണ്ട്. അത് കാരണമാണ് നിങ്ങൾ അതിജീവിക്കുന്നത്, മറക്കേണ്ട- വിജയ് കൂട്ടിച്ചേർത്തു.

അർ‌ജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് വിജയ് ദേവേരക്കൊണ്ട. അദ്ദേ​ഹത്തിന്റെ ​ഗീതാ ​ഗോവിന്ദം, ഡിയർ കോമറേഡ് തുടങ്ങിയ ചിത്രങ്ങൾ കേരളത്തിലും വൻ വിജയം നേടിയിരുന്നു. ക്രാന്തി മഹാദേവ് സംവിധാനം ചെയ്ത വേൾഡ് ഫെയ്മസ് ലൗവർ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ വിജയ് ചിത്രം. 

Content HIghlights:Mahesh Babu And Chiranjeevi Supports Vijay Devarakonda fights against Fake News lock down, Covid19