ചിയാന്‍ വിക്രം നായകനാകുന്ന ഇതിഹാസ ചിത്രം മഹാവീര്‍ കര്‍ണയ്ക്ക് പൂജാദികളോടെ തുടക്കം കുറിച്ചു. തിങ്കളാഴ്ച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. സുരേഷ് ഗോപി, ഇന്ദ്രന്‍സ്, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

സിനിമയില്‍ ഉപയോഗിക്കുന്ന ഒരു അമ്പലമണിയുടെ പൂജയാണ് നടന്നത്. സിനിമയ്ക്കു വേണ്ടി പ്രത്യേകമായി നിര്‍മ്മിക്കുന്ന മുപ്പതടിയുള്ള രഥം അലങ്കരിക്കാന്‍ ഈ മണിയാണ് ഉപയോഗിക്കുക.

300 കോടി രൂപ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബജറ്റിനേക്കാള്‍ വലിയ തുകയാണിത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് 250 കോടി രൂപയായിരുന്നു.

പൃഥ്വിരാജ്, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 2015ല്‍ പുറത്തിറങ്ങിയ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മഹാവീര്‍ കര്‍ണ.

ഹോളിവുഡിലെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരും വിവിധ ഭാഷയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ അണിയറയിലുണ്ട്. 'ഗെയിം ഓഫ് ത്രോണ്‍സ്' എന്ന ജനപ്രിയ വെബ് സീരീസിന്റെ അണിയറപ്രവര്‍ത്തകരായ ടെക്‌നീഷ്യന്‍മാരും ഈ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനുവരിയോടെയാണ് ചിത്രത്തില്‍ വിക്രം അഭിനയിക്കാനെത്തുന്നത്. രാജ്യത്തും പുറത്തുമുള്ള സ്റ്റുഡിയോകളിലായി ചിത്രീകരണം കഴിഞ്ഞ് 2020നുള്ളില്‍ റിലീസാവുമെന്നാണ് വാര്‍ത്തകള്‍.

mahaveer karna

mahaveer karna

mahaveer karna

Content Highlights : Mahaveer Karna Vikram film started with pooja at Sri Padmanabha Swami Temple, mahaveer karna, Vikram new film