ദേശീയ പുരസ്‌കാര ജേതാവും തെലുങ്ക് സിനിമയിലെ താരറാണിയുമായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 'മഹാനടി' റിലീസിന് തയ്യാറെടുക്കുകയാണ്. സാവിത്രിയായി കീര്‍ത്തി സുരേഷ് എത്തുമ്പോള്‍ ജെമിനി ഗണേശനായി വെള്ളിത്തിരയിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. 

ചിത്രത്തിന്റെ പ്രമോഷന്റ ഭാഗമായി സാവിത്രിയായെത്തുന്ന കീര്‍ത്തിയുടെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുകയാണ്. കീര്‍ത്തിയുടെ മേക്ക് ഓവര്‍ ആവേശത്തോടു കൂടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കീര്‍ത്തി മഹാനടിയുടെ തനി പകര്‍പ്പാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്. 

അതില്‍ ഏറ്റവും പ്രശംസ നേടിയിരിക്കുന്നത് ആദ്യമായി ചെന്നൈയില്‍ ഒരു സിനിമയുടെ ഓഡീഷന് സാവിത്രി അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചു എന്ന് പറയപ്പെടുന്ന ഒരു ചിത്രമാണ്. മഹാനദിയുടെ ഓഡീഷന്റെ ഭാഗമായി കീര്‍ത്തി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നതും ഈ ചിത്രത്തെ അനുകരിച്ചു കൊണ്ടാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

mahanti

നാഗ് അശ്വിന്‍ ഒരുക്കുന്ന മഹാനടി തമിഴ്, തെലുഗു ഭാഷകളില്‍ പുറത്തിറങ്ങും. സമന്ത രുദ്രപ്രഭു, വിജയ് ദേവരാകൊണ്ട എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. അനുഷ്‌ക ഷെട്ടി, നാഗചൈതന്യ, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.