ഹാനടിയില്‍ ജെമിനി ഗണേശനെ അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍. രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗ് അശ്വിനൊപ്പം കീര്‍ത്തി സുരേഷ്, തിരക്കഥാകൃത്തുക്കളായ സ്വപ്‌ന ദത്ത്, പ്രിയങ്കാ ദത്ത് എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

'നായികാ പ്രാധാന്യമുള്ള സിനിമയായിരുന്നു അത്. കഥ കേട്ടപ്പോള്‍ തന്നെ ദുല്‍ഖറിന് ഇഷ്ടമായി. ഇത്രയും വലിയ താരപദവിയുള്ള ഒരാള്‍ അത് ചെയ്യുമോ എന്ന് ഞങ്ങള്‍ സംശയിച്ചു. ഡേറ്റിന്റെ പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് സ്വപ്‌ന കൈകാര്യം ചെയ്തു. ദുല്‍ഖറിനെ പറഞ്ഞ് സമ്മതിച്ചു'- നാഗ് അശ്വിന്‍ പറഞ്ഞു.

മഹാനടിയില്‍ തനിക്കൊപ്പം അഭിനയിച്ചതിന് ദുല്‍ഖറിനോട് നന്ദിയുണ്ടെന്നും മറ്റൊരാള്‍ക്കും ഇത്ര നന്നായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു.

'എനിക്ക് ദുല്‍ഖറിനെ കുട്ടിക്കാലം മുതല്‍ തന്നെ അറിയാം. എന്റെ അമ്മയും (മേനക) ദുല്‍ഖറിന്റെ അച്ഛനും (മമ്മൂട്ടി) ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചെത്തി. വലിയ സന്തോഷം തോന്നുന്നുണ്ട്'- കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

മഹാനടിയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടപ്പോള്‍ വളരെ രസകരമായ സംഭവങ്ങളുണ്ടായെന്ന് പറയുകയാണ് സ്വപ്‌നയും ഐശ്വര്യയും. ദുല്‍ഖറിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മഹാനടി. എന്നാല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും വീഡിയോകളിലും ദുല്‍ഖറിനെ കാണാതിരുന്നപ്പോള്‍ ആരാധകരുടെ ക്ഷമ നശിച്ചു.

'എവിടെ ദുല്‍ഖര്‍ എന്ന് ചോദിച്ച് ബഹളമായിരുന്നു. ഞാന്‍ അത് ദുല്‍ഖറിനോടും സൂചിപ്പിച്ചു, അപ്പോള്‍ അദ്ദേഹം പറഞ്ഞു, ''അതൊന്നും കാര്യമാക്കേണ്ട, സിനിമയ്ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി. നിങ്ങള്‍ സമ്മർദ്ദത്തിലാകരുത്.'' ചില ആരാധകര്‍ പി.ആര്‍ ടീമിനെപ്പോലും ഭീഷണിപ്പെടുത്തി. ദുല്‍ഖറിന്റെ ചിത്രങ്ങള്‍ പുറത്ത് വിടാത്തതിന്റെ പേരിലായിരുന്നു ഭീഷണിയെല്ലാം.'

തെലുഗു സിനിമാതാരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് മഹാനടി ഒരുക്കിയത്. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സമന്ത, വിജയ് ദേവേരക്കൊണ്ട എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.