പ്രശസ്ത തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതത്തിലെ തകര്‍ച്ചയ്ക്ക് കാരണം ജെമിനി ഗണേശനല്ലെന്ന് നടന്‍ രാജേഷ്. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിന്‍ ഒരുക്കിയ മഹാനടി എന്ന സിനിമ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാവിത്രിയെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ അദ്ദേഹത്തെ വികാരനിര്‍ഭരനാക്കി. നിറകണ്ണുകളോടെയാണ് പല ചോദ്യങ്ങള്‍ക്കും രാജേഷ് ഉത്തരം നല്‍കിയത്. 

ജെമിനിക്ക് ഒരു ഘട്ടത്തില്‍ സാവിത്രിയുടെ കാര്യത്തില്‍ തോന്നുന്ന അസൂയയും ആശങ്കയും അദ്ദേഹം മറ്റു സ്ത്രീകളുമായി പുലര്‍ത്തിയ ബന്ധവും സാവിത്രിയെ തളര്‍ത്തിയെന്നാണ് മഹാനടിയില്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല സാവിത്രിയെ ആദ്യമായി മദ്യപിക്കാന്‍ പ്രേരിപ്പിച്ചത് ജെമിനിയാണെന്നും മഹാനടിയില്‍ ചിത്രീകരിച്ചിരുന്നു. അതിനെതിരേ ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ് രംഗത്ത് വന്നിരുന്നു. 

'സാവിത്രിയുടെ തകര്‍ച്ചയ്ക്ക് ജെമിനി കാരണക്കാരനായിരുന്നില്ല. മഹാനടിയില്‍ അങ്ങനെ കാണിച്ചിരിക്കുന്നത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്. ജെമിനി ഗണേശന്‍ ഒരേ സമയം ഒരുപാട് സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണെന്ന് സാവിത്രിക്ക് വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ അറിയാമായിരുന്നു. എല്ലാം അറിഞ്ഞിട്ടും അദ്ദേഹത്തെ തന്നെ ഭര്‍ത്താവായി സ്വീകരിക്കാന്‍ അവര്‍ തീരുമാനിച്ചു. അതാണ് അവര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്'- രാജേഷ് പറഞ്ഞു.

സാവിത്രിയുടെ കടുത്ത ആരാധകനാണ് രാജേഷ്. അണ്ണാനഗറിലെ ഒരു സെറ്റില്‍ ചിത്രീകരണത്തിന് പോയപ്പോഴാണ് രാജേഷ് സാവിത്രിയെ ആദ്യമായി കാണുന്നത്. 

'സാവിത്രിയുടെ വസതി അവിടെയായിരുന്നു. അന്ന് അവര്‍ പൂര്‍ണമായും അബോധാവസ്ഥയിലായിരുന്നു. ഞാന്‍ ഒരു ആരാധകനായാണ് അവിടെ ചെന്നത്. സാവിത്രി അമ്മയുടെ മകന്‍ സതീഷ് വന്നു. അവന് ഒരു പത്ത് വയസ്സു മാത്രമേ പ്രായമുള്ളൂ. കാത്തിരിക്കൂ അമ്മ ഡ്രസ് ചെയ്യുകയാണെന്ന് പറഞ്ഞു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു. ജീവിതത്തിലെ ഒരു അവസരത്തിലും ഞാന്‍ ഇത്രമാത്രം ഞെട്ടിയിട്ടില്ല. ആ കാഴ്ച വിശദീകരിക്കാനാവില്ല. ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എത്രമാത്രം ദാനധര്‍മ്മങ്ങള്‍ ചെയ്തു. എന്നിട്ടും അവസാനക്കാലത്ത് എത്രമാത്രം അനുഭവിച്ചു.

അവരെ എല്ലാവരും പറ്റിച്ചു. വീട് ജപ്തി ചെയ്തു. സാവിത്രിയമ്മ കയ്യില്‍ ഒന്നുമില്ലാതെ പുറത്തേക്കിറങ്ങിയപ്പോള്‍ അവരുടെ ഡ്രൈവര്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പേഴ്‌സ് തുറന്ന് കാറിന്റെ ചാവി അയാള്‍ക്ക് നീട്ടി സാവിത്രിയമ്മ പറഞ്ഞു 'എങ്ങനെയെങ്കിലും പോയി ജീവിക്കൂ' എന്ന്. ആ ഡ്രൈവര്‍ കേരളത്തിലേക്ക് പോയി ഒരുപാട് വണ്ടി വാങ്ങി വലിയ പണക്കാരനായി'- രാജേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlights: mahanati savithri Gemini Ganeshan movie keerthi suresh dulquer salmaan dark side of savithri's life