തെന്നിന്ത്യന്‍ സിനിമ കണ്ട ഏറ്റവും നാടകീയമായ പ്രണയകഥയാണ് ദേശീയ പുരസ്‌കാര ജേത്രിയും തെലുഗ്  സിനിമയിലെ താരറാണിയുമായ സാവിത്രിയും കാതല്‍ മന്നന്‍ ജെമിനി ഗണേശനും തമ്മിലുള്ള ബന്ധം. സിനിമയില്‍ ഒരുമിച്ചെത്തി പ്രണയബദ്ധരായ ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചു. ആ ബന്ധം പുറംലോകം അറിഞ്ഞത് സിനിമയെ കടത്തി വെട്ടുന്ന നാടകീയതയിലൂടെയാണ്. 

സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിന്‍ ഒരുക്കുന്ന മഹാനടി എന്ന സിനിമ റിലീസിന്‌ തയ്യാറെടുക്കുകയാണ്. കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഇവരെക്കൂടാതെ സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. 

mahanati
കീര്‍ത്തിയും ദുല്‍ഖറും മഹാനടിയില്‍

 

1936 ജനുവരി 4 ന്, ഇന്ന് ആന്ധ്രാപ്രദേശത്തിന്റെ ഭാഗമായ മദ്രാസ് പ്രസിഡന്‍സിയില്‍ ഗുണ്ടുര്‍ ജില്ലയിലെ ചിറവൂരിലാണ് സാവിത്രി ജനിച്ചത്. സാവിത്രിക്ക് ആറുവയസ്സുള്ളപ്പോള്‍ അവരുടെ അമ്മ വിധവയായി. മകളെയും മകനായ മാരുതിയെയും കൂട്ടി അവര്‍ സഹോദരന്റെ അടുത്തെത്തി. സാവിത്രിയുടെ അമ്മാവനാണ് അവരുടെ നൃത്തത്തിലുള്ള കഴിവിനെ തിരിച്ചറിഞ്ഞത്. അമ്മാവനാണ് സാവിത്രിയെ നൃത്ത പരിപാടികള്‍ അവതരിപ്പിക്കാന്‍ അയക്കുന്നത്.

1920 നവംബര്‍ 17 ന് തമിഴ്‌നാട്ടിലെ പുതുകോട്ടയില്‍ ആണ് ജെമിനി ഗണേശന്‍ ജനിക്കുന്നത്. ഗണപതി സുബ്രഹ്മണ്യ ശര്‍മ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ബാല്യകാലത്ത് തന്നെ വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം രാമകൃഷ്ണ മിഷനില്‍ ചേര്‍ന്ന ജെമിനി യോഗ, സംസ്‌കൃതം എന്നിവയും വേദ, ഭഗവദ് ഗീത, ഉപനിഷത്തുകള്‍ എന്നിവയില്‍ പരിജ്ഞാനം നേടി.

മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ജെമിനി ഗണേശന്‍ കുറച്ചു കാലം അവിടെ തന്നെ രസതന്ത്ര വിഭാഗത്തില്‍ അദ്ധ്യാപകനായി ജോലി നോക്കി. 

ഡോക്ടറാകാനായിരുന്നു ജെമിനി ആഗ്രഹിച്ചിരുന്നത് എന്നാല്‍ ആ സ്വപ്‌നം നടന്നില്ല. തൃശ്ശിനാപ്പള്ളിയില്‍ വച്ചാണ് അദ്ദേഹം ടി.ആര്‍ അലമേലുവിനെ കാണുന്നതും വിവാഹം ചെയ്യുന്നതും. 20 വയസ്സ് മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം. സിനിമാമോഹം പിടിപെട്ട ജെമിനി ഗണേശന്‍ ആദ്യമായി സിനിമാ സംബന്ധമായി ജോലി ചെയ്യുന്നത് 1947 ല്‍ ജെമിനി സ്റ്റുഡിയോസിന്റെ കീഴിലാണ്. സ്ഥാപനത്തിന്റെ പേര് അദ്ദേഹം സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു

ജെമിനി സ്റ്റുഡിയോയില്‍ വച്ചാണ് ജെമിനി ഗണേശനും സാവിത്രിയും കണ്ടുമുട്ടുന്നത്. കാസ്റ്റിങ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു ജെമിനി ഗണേശന്‍ അന്നവിടെ. സിനിമയില്‍ അവസരം തേടി വന്ന സാവിത്രിയുടെ ചിത്രങ്ങള്‍ അന്ന് എടുത്തതും അഭിമുഖം നടത്തിയതും ജെമിനി ഗണേശനാണ് എന്നാണ് പറയപ്പെടുന്നത്. അന്ന് സാവിത്രിയുടെ ചിത്രത്തിനൊപ്പം അദ്ദേഹം ഒരു കുറിപ്പെഴുതി. 

'Looks promising if given an opportunity' , 'അവസരം നല്‍കിയാല്‍ പ്രതിഭയാകാന്‍ സാധ്യതയുള്ള പെണ്‍കുട്ടി.' 

mahanati
ജെമിനി ഗണേശനും സാവിത്രിയും

 

അതിനിടെ അഭിനയത്തിലും ജെമിനി ഗണേശന്‍ കാലെടുത്തു വച്ചിരുന്നു. 1950 വരെ അധികം ശ്രദ്ധേയമായ വേഷങ്ങള്‍ ഒന്നും സിനിമയില്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 'തായ് ഉള്ളം' എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത് ജനശ്രദ്ധ ആകര്‍ഷിച്ചു. അതിനടുത്ത വര്‍ഷം അദ്ദേഹം നായകനായി 'മനം പോല്‍ മംഗല്യം' എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതിനുശേഷം ഒട്ടനവധി മികച്ച ചിത്രങ്ങളില്‍ നായകനായി അദ്ദേഹം അഭിനയിച്ചു. 

rekha
രേഖ

1950 കളില്‍ ജെമിനി ഗണേശനും സാവിത്രിയും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് സിനിമയിലെ താരങ്ങളായി മാറി. ഒരുമിച്ചുള്ള അഭിനയം അവരെ പ്രണയത്തിലാക്കി. സാവിത്രിയുമായി പ്രണയത്തിലായിരുന്ന സമയത്ത് ജെമിനിക്ക് പുഷ്പവല്ലി എന്ന മറ്റൊരു കാമുകി ഉണ്ടായിരുന്നു. പുഷ്പവല്ലിയില്‍ ജെമിനി ഗണേശന് ഉണ്ടായ മകളാണ് പിന്നീട് ഹിന്ദി സിനിമ  അടക്കിവാണ താരസുന്ദരി രേഖ.

ഭാര്യയുടെയോ മറ്റു കാമുകിയുമാരുടെയോ സാന്നിധ്യം ജെമിനി ഗണേശന്‍ സാവിത്രി ബന്ധത്തെ ബാധിച്ചില്ല. രഹസ്യമായി വിവാഹിതരായ ഇവരുടെ ബന്ധം പുറംലോകം അറിഞ്ഞത് നാടകീയത നിറഞ്ഞ ഒരു സംഭവത്തിലൂടെയാണ്. ലക്‌സ് സോപ്പിന്റെ പരസ്യത്തിലെ ഒരു കരാറില്‍ ഒപ്പിട്ട സാവിത്രി, സാവിത്രി ഗണേശന്‍ എന്ന പേരിലാണ് ഒപ്പിട്ടത്. തുടര്‍ന്ന് വാര്‍ത്തകളില്‍ ഇവരുടെ പ്രണയവും വിവാഹവും നിറഞ്ഞു. വിജയ, സതീഷ് എന്നിവരാണ് ഈ ബന്ധത്തിലുണ്ടായ കുട്ടികള്‍. 

gemini ganesgan
സാവിത്രി ലക്‌സിന്റെ പരസ്യത്തില്‍

ജെമിനി ഗണേശനും ജൂലിയാന എന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം സാവിത്രിയെ മാനസികമായി തകര്‍ത്തുവെന്നാണ് പറയപ്പെടുന്നത്. പ്രായം ചെന്നപ്പോള്‍ സിനിമയിലും ജീവിതത്തിലും അവര്‍ പല തിരിച്ചടികളും നേരിട്ടു. ഈ പ്രതിസന്ധികള്‍ അവരെ മദ്യപാനിയാക്കി. 46ാം വയസ്സിലാണ് സാവിത്രി മരിക്കുന്നത്. 19 മാസം കോമയില്‍ കിടന്നപ്പോള്‍ സാവിത്രിക്കൊപ്പം ജെമിനി ഗണേശനും ഉണ്ടായിരുന്നുവെന്നാണ് മകള്‍ വിജയ ഈയിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 

mahanati
സാവിത്രി, സാവിത്രിയായി കീര്‍ത്തി സുരേഷിന്റെ വേഷപകര്‍ച്ച

അമേരിക്കയില്‍ കാന്‍സര്‍ വിദഗ്ധയായ ഡോ. രേവതി സ്വാമിനാഥന്‍, തമിഴ്‌നാട്ടിലെ പ്രശസ്തയായ ഗൈനക്കോളോജിസ്റ്റ് ഡോ. കമല സെല്‍വരാജ്, പത്രപ്രവര്‍ത്തകയായ നാരായണി ഗണേശന്‍, ഡോ. ജയാ ശ്രീധര്‍ എന്നിവര്‍ ഉള്‍പ്പടെ നാല് വിവാഹങ്ങളിലുമായി ഏഴു മക്കളുണ്ട് ജെമിനി ഗണേശന്.

Content Highlights: Mahanati Movie Keerthi suresh Dulquer Salmaan Savithri Gemini Ganeshan