തെന്നിന്ത്യന്‍ താരറാണിയായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വന് ഒരുക്കിയ മഹാനടി മികച്ച അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. സാവിത്രിയായി കീര്‍ത്തി സുരേഷ് എത്തിയപ്പോള്‍ നടനും ഭര്‍ത്താവുമായ ജെമിനി ഗണേശനെ ദുല്‍ഖര്‍ സല്‍മാനാണ് അവതരിപ്പിക്കുന്നത്.
ഏകദേശം മൂന്ന് മണിക്കൂര്‍ ദൈർഘ്യമുള്ള സിനിമയില്‍ നിന്ന് ഒരുപാട് രംഗങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. സിനിമ പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അത്തരത്തില്‍ നീക്കം ചെയ്യപ്പെട്ട രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുകയാണ്.
സാവിത്രിയുമായി പ്രണയത്തിലായിരുന്ന സമയത്ത് ജെമിനി ഗണേശന് പുഷ്പവല്ലി എന്നൊരു കാമുകി കൂടി ഉണ്ടായിരുന്നു. ഹിന്ദി സിനിമ അടക്കിവാണ താരസുന്ദരി രേഖ ജെമിനിക്ക് പുഷ്പവല്ലിയില്‍ ജനിച്ച മകളാണ്. അമ്മയ്ക്കൊപ്പം ജീവിച്ച രേഖയ്ക്ക് അച്ഛനോട് താല്പര്യം കുറവായിരുന്നു. ജെമിനി തന്നെ പരസ്യമായി മകളായി അംഗീകരിക്കാത്തതില്‍ രേഖയ്ക്ക് കുട്ടിക്കാലത്ത് കടുത്ത അമര്‍ഷവും ദുഃഖവും ഉണ്ടായിരുന്നു. ഈ അവഗണന തന്നെയാണ് രേഖയെ അച്ഛനില്‍ നിന്ന് അകറ്റിയത്.
സിനിമയിൽ നിന്ന് മുറിച്ചുമാറ്റിയ, ജെമിനിയുടെയും സാവിത്രിയുടെയും രേഖയുടെയും ജീവിതത്തിലെ ഈ ഏടാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ജെമിനി ഗണേശന്റെയും സാവിത്രിയുടെയും മകള്‍ വിജയ സ്കൂളില്‍ വച്ച് രേഖയെ കാണുന്നതും രേഖ താന്‍ ജെമിനി ഗണേശന്റെ മകളാണെന്ന് പറയുമ്പോള്‍ വിജയ അത് അംഗീകരിക്കാനാവാതെ സാവിത്രിയോട് വന്ന് പറയുന്നു. രേഖ പറയുന്നത് സത്യമാണെന്നും തങ്ങളുടെ കുടുംബത്തില്‍ ഒരുപാട് അംഗങ്ങളുണ്ടെന്നും സാവിത്രി പറയുമ്പോള്‍ വിജയ അത് വിശ്വസിക്കുന്നില്ല. തുടര്‍ന്ന് വിജയയെ ബോധ്യപ്പെടുത്താന്‍ സാവിത്രി പുഷ്പവല്ലിയെയും രേഖയെയും കൂടാതെ ജെമിനിയുടെ ആദ്യ ഭാര്യയായ അലമേലുവിനെയും മക്കളെയും വീട്ടിലേക്ക് ക്ഷണിക്കുന്നു. ഈ ഒത്തുകൂടലിനെ തുടര്‍ന്നുണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളെ സംവിധായകന് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ഈ രംഗം സിനിമയില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ അതേസമയം ഇത് വാസ്തവവിരുദ്ധമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: mahanati deleted scene dulquer Salmaan Keerthi suresh Rekha Gemini Ganeshan