ചെന്നൈ: തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ വീണ്ടും രംഗത്ത്. ധനുഷ് കോടതിയില്‍ ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ ടി.സിയുംവ്യാജമാണെന്ന് ആരോപിച്ചാണ് കതിരേശന്‍- മീനാക്ഷി ദമ്പതികള്‍ വീണ്ടും രംഗത്തെത്തിയത്.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികള്‍ ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും വാദിച്ച് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കതിരേശന്‍ നല്‍കിയ ഹര്‍ജി നേരത്തെ മദ്രാസ്  ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി.

ധനുഷ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കഴിഞ്ഞ ദിവസം ദമ്പതികള്‍ മധുരയിലെ കെ. പുതൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അഭിഭാഷകനായ എസ്. ടെറ്റസിനൊപ്പമാണ് കതിരേശന്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയിലെയും ചൈന്നെ കോര്‍പറേഷനിലെയും രേഖകള്‍ പരിശോധിച്ചുവെന്നും ധനുഷ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഇവര്‍ ആരോപിക്കുന്നു.

'പേര് മാറ്റിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനങ്ങളിലും വൈരുധ്യമുണ്ട്. ആര്‍. കസ്തൂരിരാജയുടെ മകന്‍ ആര്‍.കെ. വെങ്കടേഷ് പ്രഭുവിന്റെ പേര് കെ. ധനുഷ് എന്നു മാറ്റുന്നതായാണ് 2003 ഡിസംബറിലെ വിജ്ഞാപനം. എന്നാല്‍, ആര്‍. കൃഷ്ണമൂര്‍ത്തിയുടെ പേര് ആര്‍. കസ്തൂരിരാജ എന്നു മാറ്റിയതായി 2015ലെ വിജ്ഞാപനത്തില്‍ പറയുന്നു'-അഭിഭാഷകന്‍ പറഞ്ഞു.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം  തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുമെന്നാണ് ഇവര്‍ പറയുന്നത്. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.

വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി വിധി ദമ്പതികള്‍ക്ക് പ്രതികൂലമായി വന്നു. തമിഴ്നാട് ട്രാന്‍സ്പോര്ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു കതിരേശന്‍.