ചെന്നൈ: വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഇളവു തേടിയ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പാവപ്പെട്ടവര്‍ പോലും പരാതിയില്ലാതെ നികുതി അടയ്ക്കുമ്പോള്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ പ്രതികരിച്ചു. ആഡംബരകാറിന് പ്രവേശന നികുതിയിളവ് തേടി താന്‍ 2015 ല്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാനുള്ള ധനുഷിന്റെ അപേക്ഷ തള്ളിയാണ് പരാമർശം.

നിങ്ങളുടെ ഉദ്ദേശം സത്യസന്ധമാണെങ്കില്‍ സുപ്രീം കോടതി വിഷയം തീര്‍പ്പാക്കിയ ശേഷമെങ്കിലും നികുതി അടയ്ക്കുമായിരുന്നു. പക്ഷേ ഹൈക്കോടതി പഴയ ഹര്‍ജി ലിസ്റ്റ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ അത് പിന്‍വലിക്കണമെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. നിങ്ങള്‍ സമ്പന്നരല്ലേ? പാല്‍ വില്‍ക്കുന്നവരും കൂലിപ്പണി എടുത്തു ജീവിക്കുന്നവര്‍ പോലും ഓരോ ലിറ്റര്‍ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അതില്‍ ഇളവുവേണമെന്ന ആവശ്യവുമായി അവരാരും കോടതിയെ സമീപിക്കുന്നില്ല.  ഇവര്‍ നികുതി നല്‍കിയ പണമുപയോഗിച്ച് നിര്‍മിക്കുന്ന റോഡിലൂടെയാണ് നിങ്ങള്‍ ആഡംബര കാര്‍ ഓടിക്കാന്‍ പോകുന്നത്. എത്ര കാര്‍ വേണമെങ്കിലും വാങ്ങിച്ചോളൂ, ഹെലികോപ്ടര്‍ വാങ്ങിച്ചോളൂ. പക്ഷേ കൃത്യമായി നികുതി അടയ്ക്കണം. അത് നീട്ടിക്കൊണ്ടുപോകരുത്. കോടതിയെ സമീപിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല- ജസ്റ്റിസ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.

പ്രവേശന നികുതിയുടെ കാര്യത്തില്‍ അതതു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ നികുതി പൂര്‍ണമായും അടയ്ക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഹര്‍ജിയില്‍ ധനുഷിന്റെ ജോലി സൂചിപ്പിക്കാത്തതും കോടതിയെ ചൊടിപ്പിച്ചു. എന്തു കൊണ്ടാണു സത്യവാങ്മൂലത്തില്‍ ജോലി വിവരം ചേര്‍ക്കാതിരുന്നതെന്ന് കോടതിയില്‍ വിശദമാക്കണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ പറഞ്ഞു.

2015ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്താണ് ധനുഷ് കോടതിയെ സമീപിച്ചത്. കോടതി കേസ് പരിഗണിച്ചപ്പോള്‍ നികുതി പൂര്‍ണമായും അടയ്ക്കാന്‍ തയാറാണെന്നും കേസ് പിന്‍വലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സിനിമാ താരങ്ങള്‍ നികുതി ഇളവിനു വേണ്ടി കോടതിയിലെത്തിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും സിനിമാപ്രവര്‍ത്തകര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമന്നും ജസ്റ്റിസ് പറഞ്ഞു.

ഇതേ ആവശ്യവുമായി നടന്‍ വിജയും കോടതിയെ സമീപിച്ചിരുന്നു. പ്രവേശന നികുതിയില്‍ ഇളവ് തേടി വിജയ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് സിംഗിള്‍ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടു. കൂടാതെ നടനെ രൂക്ഷമായി വിമര്‍ശിച്ചു. സിനിമയിലെ ഹീറോ ജീവിതത്തില്‍ 'റീല്‍ ഹീറോ' ആയി മാറരുതെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ സിംഗിള്‍ ബെഞ്ച് ഉത്തരവിന് പിന്നീട് ഡിവിഷന്‍ ബെഞ്ചിന്റെ താല്‍ക്കാലിക സ്റ്റേ ലഭിച്ചു. അതേസമയം പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും അപ്പീലില്‍ വിജയ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Madras high court criticizes Dhanush, reject plea to withdraw his Rolls-Royce tax exemption case