ബേസില്‍ ജോസഫിന്റെ പുതിയ ചിത്രം മിന്നല്‍മുരളിയുടെ സെറ്റ് തകർത്ത സംഭവത്തി ശക്തമായ പ്രതികരണവുമായി നടൻ ഹരീഷ് പേരടിയും നടനും എഴുത്തുകാരനും സംവിധാനകനുമായ മധുപാലും  രംഗത്ത്.

ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെയാണ് നശിപ്പിച്ചതെന്നും ഈ കോവിഡ് കാലത്തും അതിനേക്കാള്‍ ഭീകരമായ കീടാണുക്കള്‍ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ കൃത്യമെന്നും മധുപാല്‍ പറയുന്നു. ഈ മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തണമെന്ന് ഹരീഷ് പേരടിയും പറയുന്നു.

കാലടി മണപ്പുറത്ത് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച പള്ളിയുടെ സെറ്റാണ് രാഷ്ട്രീയ ബജ്രംഗ്ദൾ എന്ന സംഘടനയുടെ പ്രവർത്തകർ കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. 

മധുപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെയാണ് നശിപ്പിച്ചത്. ഈ കോവിഡ് കാലത്തും അതിനേക്കാള്‍ ഭീകരമായ കീടാണുക്കള്‍ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ കൃത്യം. മിന്നല്‍ മുരളി എന്ന ചിത്രത്തിനു വേണ്ടി നിര്‍മ്മിച്ച സെറ്റാണ് ഇല്ലാതാക്കപ്പെട്ടത്. കലാപരമായ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനാവാത്തവര്‍ക്കെതിരെ പ്രതികരിക്കേണ്ടത് ബോധമുള്ള മനുഷ്യരാണ്.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തിയേ മതിയാവു...ഈ വിഷജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്...ഇത് കേരളമാണ്...ഏല്ലാ ജനാധിപത്യ വാദികളും പ്രതിഷേധിക്കുക...മിന്നല്‍ മുരളിയോടൊപ്പം....

Content Highlights : madhupal director hareesh peradi against minnal murali church set destroyed by rashtriya bajrang dal