62ാമത്  ഗ്രാമി അവാര്‍ഡ് നിശയില്‍ പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര. ഇങ്ങനെ  ഒരു  സംഭവം ഉണ്ടായത് അവളെ കൂടുതല്‍ കരുത്തയാക്കാന്‍ സാധിക്കുമെന്ന് മധു ചോപ്ര പ്രതികരിച്ചു. 

'ഇങ്ങനെ  ഒരു  സംഭവം ഉണ്ടായതില്‍ എനിക്ക് സന്തോഷമാണ്. കാരണം അവളെ കൂടുതല്‍ കരുത്തയാക്കാന്‍ ഈ പരിഹാസങ്ങള്‍ക്ക് സാധിക്കും..... പ്രിയങ്ക അവളുടെ  ഇഷ്ടപ്രകാരമാണ്  ജീവിക്കുന്നത് മാത്രമല്ല മറ്റുള്ളവരെ ഉപദ്രവിക്കാനോ അവര്‍ക്ക് ശല്യമാകാനോ അവള്‍ ശ്രമിക്കാറില്ല. അത് അവളുടെ ശരീരമാണ്. അവള്‍ക്ക് അതില്‍ എന്ത് വേണമെങ്കിലും ചെയ്യാം കൂടാതെ അവള്‍ സുന്ദരിയുമാണ്.- മധു ചോപ്ര വ്യക്തമാക്കി. 

തന്നെ കാണിച്ച് അനുവാദം വാങ്ങിയ ശേഷമാണ് പ്രിയങ്ക ഈ ഉടുപ്പ് ധരിച്ച് ഗ്രാമിയുടെ  റെഡ്  കാര്‍പ്പെറ്റില്‍ എത്തിയതെന്നും  മധു ചോപ്ര പറഞ്ഞു. ' ഈ വസ്ത്രം ധരിക്കുന്നതിനു  മുന്‍പ് അവള്‍ എന്നെ കാണിച്ചിരുന്നു. വസ്ത്രം  കണ്ടപ്പോള്‍ ഒരു പൊതുവേദിയില്‍ ധരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാന്‍ ആദ്യം  കരുതിയത്. പക്ഷേ, അവള്‍ അത് നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തു. മികച്ച രീതിയില്‍ വസ്ത്രം ധരിച്ചവരില്‍ ഒരാള്‍ അവളാണ്, അതില്‍ ഞാന്‍ സന്തോഷവതിയാണ്. അവര്‍ പറഞ്ഞു.

പ്രിയങ്കയ്‌ക്കെതിരേ ഉയരുന്ന ട്രോളുകളോടും മധു ചോപ്ര പ്രതികരിച്ചു. കംപ്യൂട്ടറിന് പിന്നില്‍ ഒളിച്ചിരിക്കുന്ന മുഖമില്ലാത്ത ചിലരാണ് ട്രോളുകള്‍ ഉണ്ടാക്കുന്നത്. അവര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാകില്ല എന്നാണെനിക്ക് തോന്നുന്നത്. അവര്‍ പറയുന്ന വൃത്തികേടുകളിലൂടെയാണ് അവര്‍ ശ്രദ്ധ നേടുന്നത്. ഞാന്‍ അതിന് വില കൊടുക്കാറില്ല. 

റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഐറ്റമാണ് പ്രിയങ്ക ഗ്രാമിക്കായി തിരഞ്ഞെടുത്തത്. ഏതാണ്ട് 72 ലക്ഷത്തിലും മീതെയാണ് ഈ വസ്ത്രത്തിന് വില.

Content highlights : Madhu Chopra reacts to trolls on priyanka chopra's Costume at the grammys