'എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അവന്റെ സഹായത്തിനെത്തും'-ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്​ലോയുടെ പ്രസിദ്ധമായ ആല്‍ക്കെമിസ്റ്റ് എന്ന നോവലിലെ വാക്കുകളാണിത്.

ഈ വാക്കുകള്‍ ചിലരുടെയെങ്കിലും ജീവിതത്തില്‍ അര്‍ഥവത്തായി സംഭവിച്ചിരിക്കാം. അതിലൊരാളാണ് താനെന്ന് വ്യക്തമാക്കുകയാണ് മാധവന്‍. 28 വര്‍ഷം മുന്‍പ് കാനഡയില്‍ നിന്ന് ബിരുദം നേടിയ മാധവന്‍ തന്റെ ലക്ഷ്യമായി യൂണിവേഴ്‌സിറ്റി ഇയര്‍ ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

'എനിക്ക് പണമുള്ള പ്രശസ്തനായ ഒരു നടനാകണം. സകല സംഗതികളിലും കൈവയ്ക്കും ചിലതില്‍ നിപുണനാകും.'

ഇന്ന് മാധവന്‍ പ്രശസ്തനാണ്. അറിയപ്പെടുന്ന നടനാണ്. നല്ല പ്രാസംഗികനാണ്. പൗലോ കൊയ്​ലോയുടെ വാക്കുകള്‍ സത്യമാണെന്ന് തെളിയിച്ചു തന്നിരിക്കുകയാണ് അദ്ദേഹം.

madhavan

സിനിമയിലേക്കുള്ള മാധവന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. കാനഡയിലെ പഠനത്തിന് ശേഷം മാധവന്‍ ഇലക്ട്രോണിക്‌സില്‍ ബിരുദമെടുത്തു. പഠനേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച മാധവന്‍ ഒരുകാലത്ത് മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച എന്‍.സി.സി കാഡറ്റുകളിലൊരാളായിരുന്നു. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് ആര്‍മി, റോയല്‍ നേവി, റോയല്‍ എയര്‍ഫോഴ്‌സ് എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടാനായി. അന്ന് എയര്‍ഫോഴ്‌സില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും വയസ്സ് കൂടിയ കാരണത്താല്‍ മാധവന് അവസരം നഷ്ടപ്പെട്ടു. പിന്നീട് പബ്ലിക് സ്പീക്കിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ മാധവന്‍ വ്യക്തിത്വ വികസന പരിപാടികളില്‍ പരിശീലകനായെത്തി. പബ്ലിക് സ്പീക്കിങ്ങിൽ ഇന്ത്യയില്‍ ചാമ്പ്യനായ മാധവന്‍ ജപ്പാനില്‍ നടന്ന യങ് ബിസിനസ്‌മെന്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 

ഈ കാലഘട്ടത്തിലൊക്കെ മോഡലിങ്ങില്‍ ശ്രമിക്കുന്നുണ്ടായിരുന്നു മാധവന്‍. അതിനായി ധാരാളം മോഡലിങ് ഏജന്‍സികളെ സമീപിച്ചിരുന്നു. 1996 ല്‍ സന്തോഷ് ശിവന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ച മാധവന്‍ അദ്ദേഹത്തിന്റെ ശുപാര്‍ശയോടെ മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിന്റെ ഓഡീഷന് പോയി.  മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ഇരുവരിൽ പ്രകാശ് രാജ് അഭിനയിച്ച തമിഴ്‌ശെല്‍വന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം തിരഞ്ഞെടുത്തത് മാധവനെയായിരുന്നു. എന്നാല്‍ തമിഴ്‌സെല്‍വനെ അവതരിപ്പിക്കാനുള്ള പ്രായമോ പക്വതയോ മാധവന് ആകാത്തതിനാല്‍ ആ കഥാപാത്രം പ്രകാശ് രാജിലേക്ക് പോവുകയായിരുന്നു. 

സിനിമയിലേക്കുള്ള ആദ്യശ്രമം പരാജയമായപ്പോള്‍ ഹിന്ദി സീരിയലുകളില്‍ ഭാഗ്യം പരീക്ഷിച്ചു. ഇസ് രാത് കി സുബഹ് നഹീന്‍ എന്ന സിനിമയിലാണ് മാധവന്‍ ആദ്യം മുഖം കാണിച്ചത്. പിന്നീട് ഇന്‍ഫെര്‍നോ (ഫ്രെഡ് ഒലന്‍ റേ സംവിധാനം ചെയ്ത ചിത്രം) എന്ന ഇംഗ്ലീഷ് ചിത്രത്തിലും വേഷമിട്ടു.

2000 ല്‍ മണിരത്‌നം സംവിധാനം ചെയ്ത അലൈപ്പായുതേയാണ് മാധവന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. പിന്നീട് മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍, റണ്‍, അന്‍പേ ശിവം,  രംഗ് ദേ ബസന്തി, ആയുത എഴുത്തു, ത്രി ഇഡിയറ്റ്‌സ്, വേട്ടൈ, തനു വെഡ്‌സ് മനു, ഇരുധി സുട്രു, വിക്രം വേദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 

ഭാഷയ്ക്ക് അതീതമാണ് മാധവന്റെ സിനിമാ ജീവിതം. തമിഴിലും ഇംഗ്ലീഷിലും ഹിന്ദിയിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും മാധവന്‍ വേഷമിട്ടിട്ടുണ്ട്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മെയ്ഡ് ഇന്‍ യു.എസ്.എ എന്ന മലയാള ചിത്രത്തില്‍ മാധവനായിരുന്നു കേന്ദ്രകഥാപാത്രം. കാവേരി, ശ്രീനിവാസന്‍, ഇന്നസെന്റ്, മധുപാല്‍, തമ്പി ആന്റണി എന്നിവരായിരുന്നു ആ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഈ ചിത്രം ഇംഗ്ലീഷില്‍ നത്തിങ് ബട്ട് ലൈഫ് എന്ന പേരില്‍ പുറത്തിറങ്ങി. 

Content Highlights: Madhavan shares graduation year book, madhavan and Paulo Coelho, Madhavan's dream comes true