ഓഗസ്റ്റ് പതിനഞ്ചിന് ആരാധകര്‍ക്ക് സ്വാതന്ത്രൃ ദിനാശംസകളും ആവണി അവിട്ടം, രക്ഷാബന്ധന്‍  ആശംസകളും നേര്‍ന്നുകൊണ്ട് നടന്‍ മാധവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. അച്ഛനും മകനുമൊപ്പം പരമ്പരാഗത വേഷത്തില്‍ വീട്ടിലെ പൂജാമുറിക്ക് മുന്നിലിരിക്കുന്ന ചിത്രമായിരുന്നു ഇത്.

എന്നാല്‍ ഇപ്പോള്‍ ഈ ചിത്രത്തിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിലര്‍. മാധവന്‍ പങ്കുവച്ച ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഗണപതിയുടെ വിഗ്രഹത്തിനു അരികിലിരിക്കുന്ന ഒരു കുരിശ് കണ്ടെത്തിയതിനാണ് ഇവര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. 

"എന്തുകൊണ്ടാണ് പശ്ചാത്തലത്തില്‍ അവര്‍ കുരിശ് വച്ചിരിക്കുന്നത്? ഇതൊരു അമ്പലമാണോ? എനിക്ക് നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ നിങ്ങള്‍ ഹിന്ദു ദൈവങ്ങളെ കാണാറുണ്ടോ? നിങ്ങള്‍ ഇന്ന് ചെയ്തത് ഒരു ഫേക്ക് ഡ്രാമയാണ്"...മാധവനെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ ട്വീറ്റ് ചെയ്തു.

Madhavan

എന്നാല്‍ ഇതിന് മറുപടിയായി മാധവന്‍  രംഗത്ത് വന്നിരിക്കുകയാണ്. നിങ്ങളെപ്പോലുള്ള ആളുകള്‍ ബഹുമാനിക്കുന്നുണ്ടോ എന്നത് തനിക്ക് വിഷയമല്ലെന്നും എല്ലാ മതങ്ങളെയും ആരാധിക്കാനാണ് താന്‍ പഠിച്ചതെന്നും  മാധവന്‍ ട്വീറ്റ് ചെയ്തു.

മാധവന്‍ പങ്കുവച്ച കുറിപ്പ്

നിങ്ങളെപ്പോലുള്ളവര്‍ നല്‍കുന്ന ബഹുമാനത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ ആകുലപ്പെടുന്നില്ല. നിങ്ങള്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഇങ്ങനെ അസുഖമുണ്ടായിട്ടും അവിടെ ഗോള്‍ഡന്‍ ടെമ്പിള്‍ നിങ്ങള്‍ കണ്ടെത്തിയില്ല എന്നതും ഞാന്‍ സിഖ് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തോ എന്ന് ചോദിച്ചില്ല എന്നതും എന്നെ അത്ഭുതപ്പെടുത്തുന്നു.

അവിടെ എനിക്ക് ദര്‍ഗകളില്‍ നിന്നും ലോകമെങ്ങുമുള്ള ആരാധനാലയങ്ങളില്‍ നിന്നുമുള്ള അനുഗ്രഹവും ലഭിക്കുന്നുണ്ട്. ചിലത് സമ്മാനമായി കിട്ടിയതാണ്. ചിലത് വാങ്ങിയതാണ്. എല്ലാ വിശ്വാസങ്ങളില്‍ നിന്നുമുള്ള ദേവകള്‍ക്കുമുള്ള വീടാണ് എന്റെ വീട്. ഞങ്ങള്‍ പ്രാര്‍ഥിക്കുന്നതും ഒരേ അള്‍ത്താരയ്ക്ക് കീഴിലാണ്. എന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാനാണ് കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ പഠിച്ചിട്ടുള്ളത്.

ഏത് മതത്തെയും ഞാന്‍ എന്റേതെന്ന പോലെ ബഹുമാനിക്കുന്നു. എന്റെ മകനും അത് തന്നെ പിന്തുടരുമെന്ന് വിശ്വസിക്കുന്നു. അമ്പലം അടുത്തില്ലാത്തപ്പോള്‍ ദര്‍ഗ, ഗുരുദ്വാര, പള്ളി എന്നിവടങ്ങളിലെല്ലാം ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.  അവരെല്ലാം തന്നെ ഞാന്‍ ഒരു ഹിന്ദുവാണെന്ന് അറിഞ്ഞിട്ടും എനിക്ക് വളരെയധികം സ്‌നേഹവും ബഹുമാനവും തന്നിട്ടുണ്ട്. എനിക്കെങ്ങനെ അത് തിരികെ കൊടുക്കാതിരിക്കാനാകും. നിറയെ സ്‌നേഹവും ബഹുമാനവുമാണ് എനിക്ക് നല്‍കാനുള്ളത്. കാരണം എന്റെ യാത്രകളും അനുഭവങ്ങളുമാണ് യഥാര്‍ഥ വിശ്വാസമെന്ന് തെളിയിക്കപ്പെട്ടതിനാലാണ്. നിങ്ങള്‍ക്കും സ്‌നേഹവും സമാധാനവും നേരുന്നു...മാധവന്‍ ട്വീറ്റ് ചെയ്തു.

Madhavan

മാധവന് പിന്തുണയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights : Madhavan replies to Troll slams for keeping a cross in his house.