എസ്ആര്‍ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധി വരുന്നതിന് മുന്‍പേ പ്രഖ്യാപിച്ചിരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്ന സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാധവനാണ് നമ്പി നാരായണനാവുന്നത്. നമ്പി നാരായണന്‍ തന്നെ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്പൈ കേസ്'  എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അറിഞ്ഞാല്‍ നിശബ്ദത പാലിക്കാനാവാത്ത ചില ജീവിതകഥകളുണ്ട് നമ്പി നാരായണന്റേത് അത്തരത്തില്‍ ഒന്നാണ് മാധവന്‍ പറയുന്നു. ചിത്രത്തിന്റെ ടീസര്‍ 31ന് എത്തും.

മാധവന്റെ വാക്കുകള്‍

'ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതില്‍ ചിലതെല്ലാം നിങ്ങള്‍ കേട്ടിരിക്കാം. ചിലത് നിങ്ങളുടെ കാതുകളിലേക്കെത്തില്ല. എന്നാല്‍ ചില കഥകള്‍ കേള്‍ക്കാതെ ഇരിക്കുകയെന്നാല്‍ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നാണ് അര്‍ഥം. നമ്പി നാരായണന്റെ കഥ അത്തരത്തില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ കഥ നിങ്ങള്‍ കേട്ടാല്‍, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാല്‍, നിശബ്ദനാവാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് ഞാന്‍ പറയുന്നു. റോക്കട്രി: ദി നമ്പി ഇഫക്ട്. ഇതേക്കുറിച്ച് അറിയാത്തവര്‍ അറിയട്ടെ. അറിയുമെന്ന് കരുതുന്നവര്‍ക്ക് ഇതൊരു തിരിച്ചറിവായിരിക്കും. ഒക്ടോബര്‍ 31ന് ടീസര്‍ എത്തും. രാവിലെ 11.33ന് '

നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്നുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ അതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു. 'ആ വിധിയെത്തി. അവസാനമായി കുറ്റവിമുക്തനാക്കുന്ന വിധി. ഇതൊരു പുതിയ തുടക്കമാണ്. തുടക്കം മാത്രം.' സുപ്രീം കോടതി വിധി വന്നതിന്റെ വാര്‍ത്തയ്‌ക്കൊപ്പം മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. 

Content Highlights : madhavan announces rocketry the nambi effect nambi narayan life story movie R madhavan