മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് അഭിനന്ദനങ്ങളുമായി സംവിധായകൻ എം എ നിഷാദ്. മരക്കാർ ഒരു ദൃശ്യവിരുന്നാണെന്നും മോഹൻലാൽ ഉൾപ്പടെയുള്ള അഭിനേതാക്കൾ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ച വച്ചതെന്നും നിഷാദ് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. മരക്കാർ ചരിത്ര സിനിമയല്ലെന്നും തൻറെ ചിന്തകളിൽ നിന്ന് രൂപപ്പെട്ടതാണെന്ന് പ്രിയദർശൻ പറഞ്ഞിട്ടുണ്ടെന്നും വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണമെന്നും ഒരുപാടുപേരുടെ പ്രയത്നഫലമായ കലാസൃഷ്‍ടിയെ ഇകഴ്ത്തരുതെന്നും നിഷാദ് വ്യക്തമാക്കുന്നു.

മമ്മൂട്ടി- സന്തോഷ് ശിവൻ കൂട്ടുകെട്ടിൽ മുൻപ് പ്രഖ്യാപിക്കപ്പെട്ട 'കുഞ്ഞാലിമരക്കാരു'ടെ ഇനിയുള്ള സാധ്യതയെക്കുറിച്ചും എം എ നിഷാദ് പറയുന്നുണ്ട്.

എം.എ നിഷാദിൻറെ കുറിപ്പ്

മരക്കാർ കണ്ടു, മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകൻറെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹൻലാൽ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാർ. സിദ്ധാർത്ഥ് പ്രിയദർശനും ഛായാഗ്രഹകൻ തിരുവും സൗണ്ട് ഡിസൈനർ രാജാകൃഷ്ണനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ആൻറണി പെരുമ്പാവൂർ എന്ന നിർമ്മാതാവിൻറേതുകൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ. 

ചില അപാകതകൾ നമ്മൾ കണ്ടില്ല എന്ന് നടിക്കുകയും അതിൻറെ തെറ്റുകൾ ഉച്ചത്തിൽ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്നഫലമായ, അന്നമായ   കലാസൃഷ്ടികളെ  ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറ്റവും അത്യാവശ്യമാണ്, ഈ കാലഘട്ടത്തിൽ. 

കുഞ്ഞാലി മരക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാൻ ഇനിയും കഴിയും. സന്തോഷ് ശിവൻറെ സംവിധാനത്തിൽ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. ഐ റിപ്പീറ്റ് നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവൻ ആ കാര്യത്തിൽ രണ്ടാമത്  ഒന്നാലോചിക്കുന്നതായിരിക്കും നല്ലത്.

Content Highlights : MA Nishad about Marakkar movie degrading, Mohanlal Priyadarshan, Mammootty Santhosh Shivan movie