രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ചോദിച്ചത് കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്നെന്ന്  എം ടി വാസുദേവന്‍ നായര്‍. തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച്ച കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

മൂന്ന് വര്‍ഷത്തേക്കാണ് തിരക്കഥയുടെ അവകാശം നല്‍കിയത്. തിരക്കഥ നല്‍കി നാലു വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ല. അഭിനേതാക്കള്‍ ആരൊക്കെയെന്നതല്ല തന്റെ പ്രശ്‌നം. ഇപ്പോഴുള്ളവരല്ലെങ്കില്‍ മറ്റാരെങ്കിലും സിനിമയാക്കും. മൂന്നു വര്‍ഷത്തിനകം തുടങ്ങുമെന്ന് പറഞ്ഞ പ്രോജക്ട് നടക്കുന്നില്ലെന്നതു മാത്രമാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിനു കാരണം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥകള്‍ കൈമാറിയിരുന്നു. പദ്ധതി അനിശ്ചിതമായി നീളുന്നത് ശരിയല്ലെന്നതിനാല്‍ തിരികെ ചോദിക്കുന്നു എന്നു മാത്രം. എം ടി വ്യക്തമാക്കി.

ബി ആര്‍ ഷെട്ടിയാണ് ആയിരം കോടി രൂപ ചെലവിട്ടുള്ള സിനിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്‌. കേസ് കോഴിക്കോട്‌ മുന്‍സിഫ് കോടതി ഇന്ന് വൈകീട്ട് ലിസ്റ്റ് ചെയ്‌തേക്കും.