-
ഇരുന്നൂറിനടുത്ത് മലയാളം സിനിമകളിൽ അഭിനയിച്ചിട്ടും അനിലിന്റെ അഭിനയത്തികവ് തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ് സിനിമ ആണെന്ന് സംവിധായകൻ എം. പത്മകുമാർ. മലയാളസിനിമയെ സംബന്ധിച്ച് അനിൽമുരളി എന്ന നടന്റെ വിയോഗം ഒരു വലിയ ഞെട്ടലോ നികത്താനാവാത്ത വിടവോ ഒന്നുമല്ലെന്നും താനടക്കമുള്ള അടുത്ത സുഹൃത്തുക്കൾക്ക് മാത്രമാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നും പത്മകുമാർ കുറിക്കുന്നു.
എം പത്മകുമാർ പങ്കുവച്ച കുറിപ്പ്
അനിൽമുരളി യാത്രയായി…മലയാളസിനിമയെ സംബന്ധിച്ച് അനിൽമുരളി എന്ന നടന്റെ വിയോഗം ഒരു വലിയ ഞെട്ടലോ നികത്താനാവാത്ത വിടവോ ഒന്നുമല്ല.. മലയാളം, തമിഴ് സിനിമകളെ ആശ്രയിച്ച് ജീവിക്കുന്ന കുറച്ചു നടന്മാരിൽ ഒരാൾ.. ഒരാൾക്ക് വേണ്ടി തീരുമാനിച്ച വേഷത്തിന് അയാൾക്ക് പറ്റില്ലെങ്കിൽ അടുത്തയാൾ.. ഒരുപക്ഷേ ഇരുനൂറിനടുത്ത് മലയാളം സിനിമകളിൽ അഭിനയിച്ചിട്ടും അനിലിന്റെ അഭിനയത്തികവ് തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ് സിനിമ ആയിരിക്കണം..
‘ SIX CANDLES’ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ അനിലിനും ആ കഴിവിനെ നിറഞ്ഞ കൈയടികളോടെ അംഗീകരിക്കാൻ തമിഴ് സിനിമക്കും കഴിഞ്ഞത് ഓർക്കുക..എങ്കിലും തമിഴ് സിനിമയെ സംബന്ധിച്ചും അനിലിന്റെ വേർപാട് ഒരു വലിയ നഷ്ടം ഒന്നുമല്ല.. നഷ്ടം ഞങ്ങൾക്ക്, അനിലിന്റെ സ്നേഹവും സൗഹൃദവും പിണക്കവും വഴക്കും എല്ലാം ആഴത്തിൽ അനുഭവിച്ച, അതിനു പകരം വെക്കാൻ മറ്റൊന്നും ഇല്ല എന്ന് വ്യക്തമായി അറിയാവുന്ന ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾക്ക് മാത്രമാണ്..
സൗഹൃദം എന്ന് മാത്രം പറയാവുന്ന ഒന്നായിരുന്നില്ല അതെന്ന് എനിക്കു തോന്നുന്നു.. ഈ പറഞ്ഞ എല്ലാ വികാരങ്ങളും കൂടിച്ചേർന്ന അതിലും വലിയ എന്തോ ഒന്ന്.. മറ്റൊന്നുമാവില്ല സിന്ധുരാജിനും രാഗേഷിനും പ്രവീണിനും നജുവിനും സാലുവിനും സുധീഷിനും മെൽവിനും മനോജിനും ഗണേഷിനും, ഇടപ്പള്ളി ട്രിനിറ്റിയിലെ 11C അപ്പാർട്ട്മെൻടിലെ അനിലിന്റെ ഊഷ്മളമായ സ്നേഹം അനുഭവിച്ച വേറെ ഒരാൾക്കും പറയാൻ അല്ലെങ്കിൽ ഓർക്കാൻ ഉണ്ടാവുക..
പ്രതിഫലേച്ഛ ഒട്ടും ഇല്ലാതെ അവസാനം വരെ കൂടെ നിന്ന കണ്ണപ്പനും പ്രസാദിനും ഇതല്ലാതെ മറ്റൊന്നും ആവില്ല പറയാനുണ്ടാവുക എന്നും എനിക്കറിയാം.. പ്രിയപ്പെട്ട സുഹൃത്തിന്റെ ഭൗതികശരീരം വീട്ടുകാരെ ഏല്പിച്ച് മരണമില്ലാത്ത ഓർമകൾ നിറഞ്ഞ മനസ്സുമായി കൊച്ചിയിലേക്ക് മടങ്ങുമ്പോൾ രാഗേഷ് പറഞ്ഞു : 11C യിൽ വീണ്ടും നമ്മൾ ഒത്തുകൂടും.. അനിൽ ഇല്ലാത്ത അനിലിന്റെ സൗഹൃദവിരുന്ന് ഒരിക്കൽ കൂടി ആസ്വദിക്കാൻ..ഹൃദയം നിറഞ്ഞ് തുളുമ്പുന്ന അത്രയും ഓർമ്മകൾ ഏറ്റുവാങ്ങി അവസാനമായി 11C യോട് ഒരു യാത്ര പറച്ചിൽ…
Content Highlights : M Padmakumar Remembers Late Actor Anil Murali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..