വേറിട്ട ശബ്ദവും ആലാപനശൈലിയും മോഹൻലാലുമായുള്ള സ്വരച്ചേർച്ചയുമാണ് എം.ജി.ശ്രീകുമാറിനെ വലിയൊരു കാലം മലയാള സിനിമാരംഗത്ത് സജീവമായി നിലനിർത്തിയത്. എന്നാല്‍ ആശിച്ച്, മോഹിച്ച് പാടിയ ആദ്യ ഗാനം സിനിമയിറങ്ങിയപ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എം.ജി ശ്രീകുമാറിന്. ഒരു എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പി.ചന്ദ്രകുമാറിന്റെ ഞാൻ ഏകനാണ് എന്ന ചിത്രത്തിൽ ചേട്ടന്‍ എം.ജി രാധാകൃഷ്ണന്‍ ഈണമിട്ട് താന്‍  പാടിയ പ്രണയ വസന്തം തളിരണിയുമ്പോൾ എന്ന് തുടങ്ങുന്ന ഗാനം സിനിമയിറങ്ങിയപ്പോള്‍ യേശുദാസിന്റെ ശബ്ദത്തിലായതിന്റെ വേദന പങ്കുവച്ചത്.

എം ജി ശ്രീകുമാറിന്റെ വാക്കുകള്‍
 

'മധു നിര്‍മിച്ച് പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ സത്യന്‍ അന്തിക്കാട് രചിച്ച 'പ്രണയവസന്തം തളിരണിയാനായി' എന്ന ഗാനമാണ് ഞാന്‍ ആദ്യമായി പാടുന്നത്. പാട്ടിന് സംഗീതം കൊടുത്തത് എന്റെ സഹോദരന്‍ എം.ജി. രാധാകൃഷ്ണനായിരുന്നു. ചിത്രയോടൊപ്പമായിരുന്നു ആ പാട്ട് പാടിയത്. അന്ന് ഈ പാട്ടുപുസ്തകം എന്ന സാധനമുണ്ട്. അതിനകത്തെല്ലാം തുറന്ന് നോക്കിയാല്‍ മുഴുവന്‍ യേശുദാസ്, ജാനകി, ജയചന്ദ്രന്‍. എല്ലാരുമുണ്ട് അപ്പോള്‍ ഞാനിങ്ങനെ സ്വപ്നം കണ്ടു. അതിനകത്ത് ഇങ്ങനെ അച്ചടിച്ചു വരും എം.ജി ശ്രീകുമാര്‍, ചിത്ര എന്ന്. കൂട്ടുകാരോടൊക്കെ പറഞ്ഞു. നോക്കിക്കോ ഇനി പാട്ടുപുസ്തകം വാങ്ങിക്കുമ്പോള്‍ ആയിരം യേശുദാസിന് നടുവില്‍ ഒരു എം.ജി കാണും എന്ന്. 

സിനിമയിറങ്ങിയപ്പോള്‍ ആ പാട്ടു പാടിയിരിക്കുന്നത് ദാസേട്ടനാണ്. അത് എങ്ങനെ പറ്റി എന്ന് എനിക്കറിയില്ല. അതിന്റെ നിര്‍മാതാവിനും സംവിധായകനും ഒരുപക്ഷേ തോന്നിക്കാണും അത് ശരിയായില്ലെന്ന്. ചേട്ടനും ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ല. മദ്രാസിലെത്തിയപ്പോള്‍ പാട്ട് ആരോ യേശുദാസിനെക്കൊണ്ടു മാറ്റി പാടിച്ചു. അന്ന് ട്രാക്ക് അല്ലേ സംഭവം. ഞാന്‍ പാടി വച്ചിരിക്കുന്നത് ആര്‍ക്കും പാടാമല്ലോ. ഞാന്‍ മോശമായിട്ടല്ല കറക്ടായി തന്നെയല്ലേ പാടിയിരിക്കുന്നത്. ഒരുപക്ഷേ ദാസേട്ടനും അറിഞ്ഞുകാണില്ല. എന്റെ വോയ്സ് അന്ന് ആര്‍ക്കും അറിയില്ലല്ലോ. ഏതോ ഒരു പയ്യന്‍ ട്രാക് പാടി പോയിക്കാണും എന്ന് വിചാരിച്ച് കാണും. അങ്ങനെ പാട്ട് പുസ്തകത്തില്‍ പേരെന്ന ആ മോഹം പോയിക്കിട്ടി-ശ്രീകുമാര്‍ പറഞ്ഞു.

Content Highlights : m g sreekumar first song credit goes to yesudas njan ekanaanu movie m g radhakrishnan