കൊച്ചി : വാക്കിനോടു വാക്കുചേരുമ്പോൾ ചന്ദനം മണക്കുന്നതും നിലാവൊളി ചൊരിയുന്നതും നിലവിളക്ക് തെളിയുന്നതുമൊക്കെയായി മലയാളത്തിന്റെ മനസ്സിലേക്ക് ഒഴുകിയെത്തിയ കാവ്യസൗന്ദര്യമായിരുന്നു രമേശൻ നായരുടെ വരികൾ.

രമേശൻ നായരുടെ സിനിമാ ഗാനങ്ങളെക്കുറിച്ചോർക്കുമ്പോൾ ആദ്യം മലയാളിയുടെ ചുണ്ടിലേക്കു മൂളിയെത്തുന്നത് ‘ രാക്കുയിലിൻ രാഗസദസ്സിൽ’ എന്ന സിനിമയിലെ ‘ പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന പാട്ടായിരിക്കും. യമുനകല്യാണി രാഗത്തിൽ എം.ജി. രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ഗാനം. യേശുദാസിന്റെ സ്വരമാധുരിയിൽ മലയാളക്കര എന്നും മൂളുന്ന പാട്ട്. ഇതേ ചിത്രത്തിലെ ‘ എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ എത്ര നവരാത്രികളിലമ്മേ’ എന്ന ഗാനവും മറക്കാനാവാത്തതാണ്. ഷണ്മുഖപ്രിയ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം മലയാളത്തിലെ മികച്ച ക്ലാസിക് ഗാനങ്ങളിലൊന്നാണ്.

‘ പത്താമുദയം’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ് രമേശൻ നായർ സിനിമാപ്പാട്ടെഴുത്തിലേക്കു വന്നത്. ‘ ധിം തരികിട ധോം’ എന്ന സിനിമയിലെ ‘ കിളിയേ കിളിയേ കിളിമകളേ’ എന്ന ഗാനവും ‘ അച്ചുവേട്ടന്റെ വീട്’ എന്ന സിനിമയിലെ ‘ ചന്ദനം മണക്കുന്ന പൂന്തോട്ടം’ എന്ന ഗാനവുമൊക്കെ മലയാളം ഒരിക്കലും മറക്കാത്ത ഈണങ്ങളാണ്. ‘ വിചാരണ’ യിലെ ‘ ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു’ എന്ന ഗാനം നറുമഞ്ഞുരുകുന്ന ലയംപോലെ മലയാളം അനുഭവിക്കുന്നു.

അനിയത്തിപ്രാവ്, ഗുരു, പഞ്ചാബി ഹൗസ്, സൂപ്പർമാൻ തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളും രമേശൻ നായരുടെ കാവ്യഭാവനയുടെ വാടാത്ത പൂക്കളാണ്. ‘ ഗുരു’ വിലെ ‘ ദേവസംഗീതം നീയല്ലേ’ , ‘ ഗുരുചരണം ശരണം’ തുടങ്ങിയ ഗാനങ്ങൾ രമേശൻ നായരുടെ കവിപ്രതിഭയുടെ ആഴങ്ങൾ കാണിച്ചുതന്നു.

‘ രംഗം’ എന്ന സിനിമയ്ക്കായി പാട്ടെഴുതാൻ രമേശൻ നായരോടു പറഞ്ഞത് എം.ടി. വാസുദേവൻ നായരായിരുന്നു. നൂറു കണക്കിനു പാട്ടുകളെഴുതിയതിനെപ്പറ്റി ചോദിച്ചപ്പോൾ രമേശൻ നായർ പറഞ്ഞത് ഇങ്ങനെയായിരുന്നു: “എത്രയോ പാട്ടുകളെഴുതി. എല്ലാം നന്നായെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഒന്നും പിഴച്ചുപോയിട്ടുമില്ല. ചിലത് അസാധാരണമാണ്”.

content highlights : lyricist s rameshan nair rakkuyilin raga sadassil aniyathipravu guru movie songs