കൊച്ചി: പെറ്റമ്മ പോറ്റമ്മയും പോറ്റമ്മ പെറ്റമ്മയുമായി മാറി മറിഞ്ഞ കഥയാണ് കവി എസ്. രമേശൻ നായരുടെ ജീവിതം. ജന്മംകൊണ്ട് തമിഴനായിട്ടും മലയാളത്തെ അമ്മയായി കണ്ട് അക്ഷരങ്ങളാൽ നമസ്കരിച്ച കവി. വീട്ടുകാർക്ക് തമിഴ്നാട്ടിലെ കളക്ടറായി കാണണമെന്നായിരുന്നു ആഗ്രഹം. എല്ലാവരുംകൂടി നിർബന്ധിച്ച് ഐ.എ.എസ്. പരീക്ഷ എഴുതിച്ചു. ഫലം വന്നപ്പോൾ എട്ട് മാർക്കിന് തോറ്റു. രമേശൻ നായർ അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ: 'ജീവിതത്തിലെ മഹാ ഭാഗ്യം, അക്ഷരമില്ലാത്തവരുടെ മുന്നിൽ തലകുനിക്കണ്ടല്ലോ. അഭിമാനത്തോടെ തലയുയർത്തി ജീവിച്ചു മരിക്കാമല്ലോ'. അക്ഷരങ്ങളുടെ അക്ഷയഖനിയിൽ മുങ്ങിനിവർന്ന ആ കവിക്ക് ഒരിക്കൽ പോലും തലകുനിക്കേണ്ടി വന്നിട്ടില്ല.

വള്ളത്തോളിന്റെ കവിതകളാണ് രമേശൻ നായരിലെ കവിയെ തൊട്ടുണർത്തിയത്. പന്ത്രണ്ടാം വയസ്സിൽ മലയാളരാജ്യം ചിത്രവാരികയുടെ ബാലരംഗത്തിൽ ഒരു കവിത അച്ചടിച്ചു; 'പരിവർത്തനം'. അതിനെക്കുറിച്ച് രമേശൻ നായർ തമാശ രൂപേണ പറയുന്നത് 'ഒരു കൈപ്പിഴ' എന്നാണ്. അതു വായിച്ച ഗുരുക്കൻമാരിലൊരാൾ പറഞ്ഞു, ഇതിന്റെ വൃത്തം മഞ്ജരിയാണ്. രമേശൻ നായർക്ക് അന്നു മഞ്ജരിയെന്താണെന്നുപോലും അറിയില്ല. വള്ളത്തോളിന്റെ കവിതകൾ ഈണത്തിൽ പാടി പഠിച്ചതിന്റെ സുകൃതം എന്നാണ് അദ്ദേഹം പറഞ്ഞത്.

കവിയാകണമെന്നതൊരു വാശിയായിരുന്നു. ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാമായപ്പോൾ വീട്ടുകാർ വക്കീൽപരീക്ഷയ്ക്ക് പഠിക്കാൻ പറഞ്ഞു. രമേശൻ നായർ വഴങ്ങിയില്ല. എന്നാൽ പിന്നെ ഡോക്ടർഭാഗത്തിന് പഠിക്കൂ എന്നായി ബന്ധുക്കൾ. പോയി ചേർന്നു, രണ്ടാഴ്ചയ്ക്കകം പെട്ടിയും കിടക്കയുമായി രമേശൻ നായർ വീടിനു മുന്നിലെത്തി. എന്നിട്ടു പറഞ്ഞു, എന്നെക്കൊണ്ട് പറ്റില്ല...!

ഭാഷ അടിസ്ഥാനത്തിൽ 1956-ൽ സംസ്ഥാനങ്ങൾ രൂപവത്‌കരിച്ചപ്പോൾ രമേശൻ നായരുടെ നാടുൾപ്പെടുന്ന കന്യാകുമാരി തമിഴ്നാടിന് സ്വന്തമായി. പക്ഷേ, അന്നത്തെ എട്ടു വയസ്സുകാരന് മലയാളം പഠിക്കാനായിരുന്നു താത്‌പര്യം.

തിരുവനന്തപുരത്തേക്കയച്ച് മലയാളം പഠിപ്പിക്കാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. പക്ഷേ, കാലം രമേശൻ നായരെ മലയാളനാട്ടിലെത്തിച്ചു. എം.എ. മലയാളത്തിനു ചേർന്നത് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലായിരുന്നു. പിന്നെ മലയാളത്തിൽനിന്നു മടങ്ങിയില്ല.

Content Highlights : Lyricist Poet S Rameshan Nair rememberance