സ്ത്രീ ലൈംഗികതയേയും ആസക്തികളേയും കുറിച്ച് സംസാരിച്ച 'ലസ്റ്റ് സ്റ്റോറീസ്' എന്ന ചിത്രം ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. നെറ്റ്ഫ്ലിക്സ് റിലീസായി പുറത്തിറങ്ങിയ ചിത്രം നാല് ഭാഗമുള്ള ആന്തോളജിയായാണ് ഒരുക്കിയിരിക്കുന്നത്. 

കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ രാധിക ആപ്തേ, മനിഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്നേക്കര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച ചിത്രം ഇപ്പോള്‍ മൊഴിമാറ്റം ചെയ്യാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കുലാണ് ചിത്രം ഒരുക്കുന്നതെന്നും അമല പോള്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രത്തിലെ ആദ്യ ഭാഗത്താണ് അമല നായികയായെത്തുക. നന്ദിനി റെഡ്ഡിയാകും ഈ ഭാഗം സംവിധാനം ചെയ്യുക. ജഗപതി ബാബുവും ഇതില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാക്കി മൂന്ന് ഭാഗങ്ങള്‍ തരുണ്‍ ഭാസ്കര്‍. സങ്കല്‍പ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവര്‍ സംവിധാനം ചെയ്യും.  

ആടൈ ആണ് അമല പോള്‍ അവസാനം വേഷമിട്ട ചിത്രം. അതോ അന്ത പറവൈ പോല്‍, കഡാവര്‍, മലയാളത്തില്‍ ആടുജീവിതം എന്നിവയാണ് അമലയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

Content Highlights : Lust Stories Being Made In Telugu Amala Paul to Act In Lead Role