പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ലൂസിഫറിൽ വില്ലനാവുന്നത് വിവേക് ഒബ്റോയ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

പതിനാറു വർഷത്തിനുശേഷമാണ് മോഹൻലാലും വിവേക് ഒബ്​റോയിയും ഒന്നിക്കുന്നത്. വിവേകിന്റെ അരങ്ങേറ്റചിത്രമായ രാംഗോപാല്‍ വര്‍മയുടെ കമ്പനിയിൽ മോഹൻലാലായിരുന്നു നായകൻ. ഇതിലെ ചന്തു എന്ന കഥാപാത്രം വിവേകിന് രണ്ട് ഫിലിംഫെയർ അവാർഡുകൾ നേടിക്കൊടുത്തിരുന്നു. വീരപ്പള്ളി ശ്രീനിവാസൻ എന്ന  എെ.പി.എസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്.

ലൂസിഫറില്‍ നെഗറ്റീവ് ടച്ചുള്ള കേന്ദ്രകഥാപാത്രമായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. എന്നും എപ്പോഴും, വില്ലൻ, ഒടിയന്‍ എന്നീ  ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ലൂസിഫറിന്. ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തുന്നത് ക്വീന്‍ സിനിമ നായിക സാനിയയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാര്യര്‍.

Content Highlights: antony perumbavoor announced vivek oberoi as the villain  in lucifer ,prithviraj directorial debut, mohanlal and vivek oberoi