ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് എത്തുമെന്നും റീമേക്കിനുള്ള പകർപ്പാവകാശം തെന്നിന്ത്യൻ താരം ചിരഞ്ജീവി നിർമ്മാതാക്കളിൽ നിന്നും വാങ്ങിയെന്നുമുള്ള വാർത്ത പുറത്ത് വന്നിട്ട് കാലമേറെയായി.തെലുങ്ക് റീമേക്കിൽ മോഹൻലാൽ അഭിനയിച്ച റോളിൽ ചിരഞ്ജീവി എത്തുമെന്നും ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബോബിയെ തെലുങ്കിൽ അവതരിപ്പിക്കുക തെന്നിന്ത്യൻ താരം റഹ്മാനാകുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയ് ആണ് മലയാളത്തിൽ ബോബിയായി വേഷമിട്ടത്. നടൻ വിനീതാണ് ചിത്രത്തിനായി വിവേകിന് ശബ്ദം നൽകിയത്.

ലൂസിഫർ തെലുങ്ക് റീമേക്കിൽ മലയാളത്തിൽ മഞ്ജുവാര്യർ അഭിനയിച്ച പ്രിയദർശിനി രാമദാസിന്റെ റോളിലെത്തുന്നത് സുഹാസിനി മണിരത്നം ആയിരിക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. കോനിഡെലാ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ രാം ചരണാണ് ചിത്രം നിർമിക്കുന്നത്.

പൃഥ്വിരാജ് സുകുമാരന്റെ ആദ്യസംവിധാന സംരംഭമായിരുന്ന ലൂസിഫർ ബോക്സ്ഓഫീസിൽ വൻവിജയം കാഴ്ച്ചവെച്ച ചിത്രമായിരുന്നു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രമെന്ന ഖ്യാതിയും ലൂസിഫറിനാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlights : Lucifer Telugu remake Rahman To play the character of Bobby Played by Vivek Oberoi in Malayalam