ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് എത്തുമെന്നും റീമേക്കിനുള്ള പകര്‍പ്പാവകാശം തെന്നിന്ത്യന്‍ താരം ചിരഞ്ജീവി നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയെന്നുമുള്ള വാര്‍ത്ത പുറത്ത് വന്നിട്ട് കാലമേറെയായി.

ഇനി തെലുങ്കില്‍ താന്‍ അഭിനയിക്കാന്‍ പോകുന്ന ചിത്രം ലൂസിഫര്‍ ആണെന്നും പൃഥ്വിരാജ് ചെയ്ത റോളിലേക്ക് നടന്‍ തന്നെ വരണമെന്നും സെയ്‌റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങിനിടയില്‍ ചിരഞ്ജീവി പറഞ്ഞിരുന്നു. അന്ന് പൃഥ്വിരാജ് ചിരിച്ചുകൊണ്ട് രാംചരണിനെ വിളിക്കൂവെന്നാണ് മറുപടിയായി പറഞ്ഞത്.

തെലുങ്ക് റീമേക്കില്‍ മോഹന്‍ലാല്‍ അഭിനയിച്ച റോളില്‍ ചിരഞ്ജീവി എത്തുമെന്നും ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രഭാസ് നായകനായെത്തിയ സാഹോയുടെ സംവിധായകനാണ് സുജീത്. സുജീത് കരാര്‍ ഒപ്പിട്ടു കഴിഞ്ഞെന്നും കൊറോണ വൈറസ് ഭീതിയൊടുങ്ങിയാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. ആരൊക്കെയാണ്‌ മറ്റ് അഭിനേതാക്കളെന്ന വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Content Highlights : Lucifer telugu remake Chiranjeevi in Mohanlal's role directed by Sujeeth