ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് എത്തുമെന്നും റീമേക്കിനുള്ള പകര്‍പ്പാവകാശം തെന്നിന്ത്യന്‍ താരം ചിരഞ്ജീവി നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയെന്നുമുള്ള വാര്‍ത്ത പുറത്ത് വന്നിട്ട് കാലമേറെയായി.

തെലുങ്ക് റീമേക്കില്‍ മോഹന്‍ലാല്‍ അഭിനയിച്ച റോളില്‍ ചിരഞ്ജീവി എത്തുമെന്നും ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ വന്നു. രാഷ്ട്രീയം പ്രധാന പശ്ചാത്തലമായി വരുന്ന ചിത്രം തെലുങ്കിൽ എത്തുമ്പോൾ ഏറെ മാറ്റങ്ങൾ വന്നേക്കാമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിവാദങ്ങൾ ഇല്ലാതിരിക്കാൻ റീമേക്കിൽ അത്തരം ഗൗരവമേറിയ രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യേണ്ടതില്ലെന്ന് താരം അഭിപ്രായപ്പെട്ടെന്നാണ് സൂചനകൾ.

 അതുപോലെ തന്റെ കഥാപാത്രത്തിന് കുറച്ച് രസകരമായ നിമിഷങ്ങളും, താൻ നൃത്തം ചെയ്യുന്നത് കാണാൻ ആരാധകർ ഇഷ്ടപ്പെടുന്നതിനാൽ പാട്ടുകളും ചിത്രത്തിൽ വേണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിട്ടുണ്ടെന്നും  റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തിന് കൂടുതൽ വേഷം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ചിരഞ്ജീവിയോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ പ്രതികരിച്ചിട്ടില്ല. 

ഇനി തെലുങ്കില്‍ താന്‍ അഭിനയിക്കാന്‍ പോകുന്ന ചിത്രം ലൂസിഫര്‍ ആണെന്നും പൃഥ്വിരാജ് ചെയ്ത റോളിലേക്ക് നടന്‍ തന്നെ വരണമെന്നും സെയ്‌റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങിനിടയില്‍ ചിരഞ്ജീവി പറഞ്ഞിരുന്നു. അന്ന് പൃഥ്വിരാജ് ചിരിച്ചുകൊണ്ട് രാംചരണിനെ വിളിക്കൂവെന്നാണ് മറുപടിയായി പറഞ്ഞത്.

പ്രഭാസ് നായകനായെത്തിയ സാഹോയുടെ സംവിധായകനാണ് സുജീത്. സുജീത് കരാര്‍ ഒപ്പിട്ടു കഴിഞ്ഞെന്നും കൊറോണ വൈറസ് ഭീതിയൊടുങ്ങിയാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. ആരൊക്കെയാണ്‌ മറ്റ് അഭിനേതാക്കളെന്ന വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Content Highlights : Lucifer Telugu Remake Changes Chiranjeevi, Mohanlal, Prithviraj, Tovino