മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ഒടിയന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളുടെ മുതല്‍മുടക്കിനെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നിര്‍മാതാക്കള്‍. ഈ ചിത്രങ്ങളുടെ ബജറ്റിനെ സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതെല്ലാം വ്യാജ പ്രചരണങ്ങളാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്.

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമയുടെ ബജറ്റ് വിവരങ്ങള്‍ മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി ചിത്രങ്ങളുടെ മുതല്‍മുടക്ക് എത്രയാണെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാക്കും.

നൂറുകോടി മുതല്‍മുടക്കിലാണ് കുഞ്ഞാലി മരയ്ക്കാര്‍ ഒരുങ്ങുന്നത്. ചിത്രീകരണത്തിനായി ഹൈദരാബാദ് ഫിലിം സിറ്റിയില്‍ സെറ്റിന്റെ പണി നടക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ 1ന് ആരംഭിക്കുമെന്നാണ് സൂചന.

നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ലൂസിഫര്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാറിന്റെ ചിത്രീകരണ തിരക്കുകളിലേക്ക് പ്രവേശിക്കും. 

അതേ സമയം വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ഗ്രാഫിക്‌സ് ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.  ചിത്രം ഡിസംബര്‍ 14 ന് പ്രദര്‍ശനത്തിനെത്തും.