മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍, ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന  മലയാളചിത്രമെന്ന ഖ്യാതിയും ഇനി ലൂസിഫറിന് സ്വന്തം. ലോകമെമ്പാടുമുള്ള നാലായിരം തിയ്യറ്ററുകളില്‍ നിന്നാണ് ചിത്രം  അഞ്ചുദിവസം കൊണ്ട് നൂറുകോടി കളക്റ്റ്‌ ചെയ്തത്.

ആദ്യ ദിനം ഇന്ത്യയിലെ തിയ്യറ്ററുകളില്‍ നിന്ന് മാത്രം ചിത്രം 12 കോടി നേടിയിരുന്നു. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച റിപ്പോര്‍ട്ടുകളുമായി മുന്നേറുന്ന ലൂസിഫര്‍ 10 ദിവസം കൊണ്ട് 200 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. റിലീസ് കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

കേരളത്തില്‍ മാത്രം നാന്നൂറ് തിയ്യറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുന്നത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ഇതിനോടകം ലൂസിഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. ദുബായ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെല്ലാം ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചിരിക്കുന്നത്. 

Content Highlights : Lucifer new malayalam movie, Prithviraj Sukumaran, Mohanlal