തിരുവനന്തപുരം: കീഴ്‌വഴക്കം ലംഘിച്ച് സിനിമയുടെ ചിത്രീകരണത്തിന് അനുമതി നല്‍കിയത് തിരുവനന്തപുരം നഗരത്തില്‍ പൊതുജനത്തെ ദുരിതത്തിലാഴ്ത്തി. സാധാരണ പൊതുസ്ഥലത്ത് വച്ച് വലിയ ജനക്കൂട്ടത്തെ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ മാത്രമാണ് അനുമതി നല്‍കുക. നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമാണ് ഈ ചിത്രം. മോഹന്‍ലാല്‍ ആണ് ലൂസിഫറിലെ നായകന്‍. 

കഴിഞ്ഞ ദിവസം നഗരത്തിലെ പ്രധാന റോഡിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇത് പൊതുജനത്തെ കഷ്ടത്തിലാക്കി. പോലീസ് ഇതിനായി അനുമതിയും നല്‍കിയിരുന്നു. പ്രത്യേകിച്ച് മുന്നറിയിപ്പുകള്‍ ഒന്നും ട്രാഫിക് പൊലീസ് നല്‍കാത്തതിനാല്‍ വാഹനങ്ങളുമായി റോഡിലിറങ്ങിയ ജനം വലഞ്ഞു.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു പുറകിലെ ഓവര്‍ബ്രിജില്‍ രാവിലെ മുതല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. ഇതുവഴി വന്ന വാഹനങ്ങളെ പൊലീസ് വഴിതിരിച്ചു വിടുകയും ചെയ്തു. ഇത് വലിയ ഗതാഗത കുരുക്കുണ്ടാക്കി. ആംബുലന്‍സുകളും രോഗികളുമായി എത്തിയ വണ്ടികളും കുരുക്കില്‍പെട്ടു വലഞ്ഞു. പിഎംജി, പട്ടം, ആശാന്‍സ്‌ക്വയര്‍, ജനറല്‍ ആശുപത്രി ജംക്ഷന്‍, സ്റ്റാച്യു തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങള്‍ കുരുങ്ങി.