രാധകര്‍ ആവേശത്തോടെ കാത്തിരുന്ന ആ വാര്‍ത്ത പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍. ബോക്‌സോഫീസില്‍ റെക്കോഡുകള്‍ സൃഷ്ടിച്ച് മുന്നേറിയ, പൃഥ്വിരാജ്-മോഹന്‍ലാല്‍-മുരളി ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. എമ്പുരാന്‍ എന്നാണ് ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പേര് 

കൊച്ചിയിൽ മോഹൻലാലിൻറെ വസതിയിൽ വച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. ഇവിടെ വച്ച് തന്നെയാണ് ലൂസിഫറിന്‍റെ പ്രഖ്യാപനവും നടന്നത്. മോഹൻലാലിനെ കൂടാതെ സംവിധായകന്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവര‍്‍ പങ്കെടുത്തു.

ലൂസിഫറിൽ കണ്ടതിന്റെ തുടർക്കഥ മാത്രമാകില്ല രണ്ടാം ഭാഗത്തിൽ കാണുകയെന്നും അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ എമ്പുരാന്‍റെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകൻ പൃഥ്വിരാജ് അറിയിച്ചു. ആദ്യ ഭാഗത്തിൽ ഒരു മഞ്ഞ് കട്ടയുടെ മുകള്‍ ഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിലേറെ കാണാന്‍ കിടക്കുന്നുണ്ടെന്നും തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി

റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബിലെത്തി, ഈ നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായി റെക്കോര്‍ഡിട്ടിരുന്നു ലൂസിഫര്‍.

മുരളി ഗോപി തിരക്കഥ ഒരുക്കി ആശീര്‍വാദ് സിനിമാസ് നിര്‍മിച്ച ലൂസിഫറിന് രണ്ടാം ഭാഗമുണ്ടായേക്കുമെന്ന് ചിത്രം റിലീസ് ചെയ്ത അന്നു മുതല്‍ പ്രചരിക്കുന്നുണ്ട്. ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട മുരളി ഗോപി ഇനിയും ചിലത് വരാനുണ്ടെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുരളി ഗോപി പറഞ്ഞ കാര്യം ശരിവച്ച് പൃഥ്വിരാജും പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. ഇരുവരും ചേര്‍ന്ന് പുതിയൊരു സിനിമ ഉണ്ടായേക്കുമെന്ന് ഇത് സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ മനസ്സിലാക്കിയത്. ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ടാണ് ലൂസിഫര്‍ ടീം വീണ്ടും മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയത്. 

ലൂസിഫറിലെ എല്‍ ഹാഷ്ടാഗിനൊപ്പം ഫിനാലെയുടെ വരവുണ്ടെന്നും അതിന്റെ അനൗണ്‍സ്മെന്റ് ചൊവ്വാഴ്ച്ചയെന്നുമാണ് ഇവര്‍ അറിയിച്ചത്.

Content Highlights : Lucifer Movie second part Mohanlal Prithviraj Murali Gopy Manju Warrier Tovino Thomas