മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തുകയാണ്. നാളുകള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലം അറിയാന്‍ ഇനി രണ്ടു ദിവസങ്ങള്‍ മാത്രം. അതിന് ശേഷം ഇനി വീട്ടില്‍ വന്ന് ഒരുമാസം ഉറങ്ങണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം.

ഭാര്യ സുപ്രിയ പങ്കുവയ്ച്ച ഒരു പോസ്റ്റിന് താഴെയായിരുന്നു പൃഥ്വിയുടെ കമന്റ്. ലൂസിഫറിന്റെ സെറ്റില്‍ നിന്നുള്ള ചിത്രത്തില്‍ ഇവരോടൊപ്പം മകള്‍ അലംകൃതയുമുണ്ട്. 'ലൂസിഫര്‍ ചിത്രീകരണത്തില്‍ നിന്നുള്ള പഴയൊരു ഫോട്ടോ. എല്ലാ ദിവസവും ഡയറക്ടര്‍ സാറിനെ കാണാന്‍ സെറ്റില്‍ എത്തുമായിരുന്നു. ഇനി രണ്ടുദിവസം മാത്രം- സുപ്രിയ കുറിച്ചു. ഇനി വീട്ടില്‍ വന്ന് ഒരുമാസം ഉറങ്ങണമെന്നാണ് പൃഥ്വി സുപ്രിയക്ക് മറുപടി നല്‍കിയത്.

പൃഥ്വിരാജിന്റെ ആദ്യ  സംവിധാന സംരംഭം, നായകന്‍ മോഹന്‍ലാല്‍, കൂടാതെ വലിയ താരനിരയും ഈ ഘടകങ്ങള്‍ തന്നെയാണ് ലൂസിഫര്‍ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ ജനിപ്പിക്കുന്നത്. സിനിമയുടെ പ്രമേയത്തെക്കുറിച്ച് കാര്യമായ സൂചനകളൊന്നും പൃഥ്വിരാജ് ഇതുവരെ നല്‍കിയിട്ടില്ല, അതുമാത്രമല്ല ലൂസിഫറിനെക്കുറിച്ച് വലിയ അവകാശവാദങ്ങളൊന്നും അദ്ദേഹം മുന്നോട്ട് വച്ചിട്ടുമില്ല.

1

ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിലൊട്ടാകെ 400 ഷോകളാണ് സംഘടിപ്പിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

Content Highlights: lucifer movie prithviraj sukumaran supriya menon funny comment