മലയാള സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീയ രമേശ്. തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫറിലും ഒരു കഥാപാത്രമായി ശ്രീയ വേഷമിട്ടിരുന്നു.  ചിത്രത്തിലെ അഭിനയത്തിന് പ്രേക്ഷകര്‍ നല്‍കിയ പ്രോത്സാഹനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രീയ. ചിത്രത്തിനെതിരേ വന്ന വിമര്‍സനങ്ങളോടും താരം പ്രതികരിക്കുന്നുണ്ട്.

ശ്രീയ രമേശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

സ്റ്റീഫന്‍..... 
അതെ അന്ന് നെട്ടൂരാന്‍ സ്റ്റീഫന്‍ തീയേറ്ററുകളെ ഇളക്കിമറിച്ചുവെങ്കില്‍ ഇന്ന് സ്റ്റീഫന്‍ നെടുമ്പള്ളി. 
മലയാള സിനിമയില്‍ തരംഗമായി മാറിയ രണ്ടു രാഷ്ടീയ കഥാപാത്രങ്ങള്‍ക്ക് ഒരേ പേരും ഒരേ താരവും രണ്ടു ചിത്രങ്ങളുടെ പേരു ആരംഭിക്കുന്നത് ല എന്ന അക്ഷരത്തിലും ആകുന്നത് അത്യപൂര്‍വ്വമാണ്. ലാല്‍ സലാമിലെ നെട്ടൂരാനില്‍ നിന്നും നെടുമ്പള്ളിയിലേക്ക് എത്തുമ്പോള്‍ ഏകദേശം 29 വര്‍ഷങ്ങളുടെ ദൂരമുണ്ട്.

അന്നത്തെ യുവതലമുറയും ഇന്നത്തെ യുവതലമുറയും ഒരുപോലെ ആഘോഷിച്ചത് താരാരാജാവ് ലാലേട്ടന്റെ മാസ്മരിക പ്രകടനം തന്നെ. ''നെട്ടൂരാന്‍ വിളിച്ചത്ര മുദ്രാവാക്യം ഒന്നും സഖാവ് സേതു വിളിച്ചിട്ടില്ല'' എന്ന ഡയലോഗ് ഇന്നും മലയാളികളുടെ മനസ്സില്‍ അലയടിക്കുന്നുണ്ട്. ' എന്റെ പിള്ളാരുടെ മേത്ത് കൈവച്ചാലുണ്ടല്ലോ'' എന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഡയലോഗ് നിര്‍ത്താത്ത കൈയ്യടിയോടെ പ്രേക്ഷകര്‍ ഏറ്റു വാങ്ങുന്നു. പറഞ്ഞ ഡയലോഗുകളേക്കാള്‍ പഞ്ചുണ്ട് മിക്കപ്പോഴും ലാലേട്ടന്റെ നോട്ടത്തിന്.

മോളേ സ്റ്റീഫന്‍ നെടുമ്പള്ളിക്ക് രണ്ടാം ഭാഗം വരുമോ? തീയേറ്ററില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഒരു അമ്മച്ചി ചോദിച്ച ചോദ്യം എന്നെ അല്‍ഭുതപ്പെടുത്തി. ഒരു നിമിഷം ഓര്‍ത്തത് സത്യന്‍ അന്തിക്കാട് സാറിന്റെ ചിത്രത്തില്‍ ഷീലചേച്ചി അവതരിപ്പിച്ച കഥാപാത്രം നരസിംഹം സിനിമ കണ്ട് ആവേശം കോള്ളുന്ന സീനാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഉള്ള പ്രേക്ഷകരെ ലൂസിഫര്‍ എന്ന ചിത്രം അത്രക്ക് ആവേശം കൊള്ളിച്ചിരിക്കുന്നു എന്നത് വലിയ സന്തോഷം പകരുന്നു. 

മാസ് ചിത്രത്തിന്റെ ചേരുവകളെല്ലാം കൃത്യമായിതന്നെ ലൂസിഫറില്‍ സംവിധായകന്‍ രാജുവും (പൃഥ്വി രാജ് സുകുമാരന്‍), തിരക്കഥാകൃത്ത് മുരളി ഗോപിസാറും ചേര്‍ത്തൊരുക്കിയിരിക്കുന്നു. മികച്ച അഭിനേതാക്കള്‍ മാത്രമല്ല തങ്ങള്‍ എന്ന് ഇരുവരും തെളിയിച്ചിരിക്കുന്നു. പൃഥ്വി രാജ് ആദ്യ ചിത്രത്തിന് ഇതില്‍ കൂടുതല്‍ ഇനി എന്ത് അംഗീകാരമാണ് താങ്കള്‍ക്ക് ലഭിക്കേണ്ടത്?

ലൂസിഫര്‍ വന്‍ വിജയമായതോടെ ചില വിവാദങ്ങളും ഉയര്‍ന്നു വന്നത് ശ്രദ്ധിച്ചു. എഴുതുന്ന ആളിന്റെയും അഭിനയിക്കുന്ന ആള്‍ക്കാരുടെയും കഥാപാത്രത്തിന്റെയെല്ലാം പേരും ജാതിയും ഒക്കെ ഇഴകീറിപരിശോധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയാല്‍ പിന്നെ സിനിമയുണ്ടാകുമോ? നമ്മുടെ സമൂഹത്തില്‍ നായകന്മാരും വില്ലന്മാരും ഇല്ലെ? നല്ല രാഷ്ടീയക്കാരും അഴിമതിക്കാരായ രാഷ്ടീയക്കാരും ഇല്ലെ? വില്ലന്മാരും നായകന്മാരും ഇല്ലാതെ ഇത്തരം ഒരു സിനിമ ഉണ്ടാകുകയില്ലല്ലൊ. 

ചില സിനിമകളില്‍ നായകന്‍ പോലീസായും മറ്റു ചിലതില്‍ പോലീസിനെതിരെയാകുന്നതും ഒക്കെ സ്വാഭാവികമാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയ്‌ക്കെതിരെ ബഹളം വെക്കുന്നവര്‍ ബാബ കല്യാണിയില്‍ ലാലേട്ടന്‍ മികച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് എന്നത് മറക്കരുത്. സിനിമ കണ്ട് ജനങ്ങള്‍ അതില്‍ ചെയ്ത പോലെ ഒക്കെ ചെയ്യും എന്ന് കരുതുന്നത് ബാലിശമാണ്. സുരേഷ് ഗോപിച്ചേട്ടന്‍ കമ്മീഷ്ണര്‍ എന്ന ചിത്രത്തില്‍ മോഹന്‍ തോമസിന്റെ അനിയനെ പെരുവഴിയില്‍ ഇട്ട് തല്ലിക്കൊണ്ട് പറയുന്ന ഡയലോഗ് ഒക്കെ കയ്യടിയോടെ സ്വീകരിച്ചു എന്ന് കരുതി ആരെങ്കിലും അത്തരത്തില്‍ പെരുമാറാറുണ്ടോ? സിനിമയെ നമുക്ക് സിനിമയായി കാണാം അല്ലാതെ അനാരോഗ്യകരമായ തലത്തിലേക്ക് അതിനെ തിരിച്ചു വിട്ടാല്‍ എത്ര സിനിമകള്‍ നമുക്ക് ചെയ്യാന്‍ പറ്റും?

ഭീകരാക്രമണങ്ങള്‍, കൊലപാതകങ്ങള്‍, സ്ത്രീപീഡനങ്ങള്‍, അഴിമതി അങ്ങിനെ നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ നടക്കുന്ന യഥാര്‍ഥ സംഭവങ്ങളാണല്ലൊ വാര്‍ത്തകളായി വരുന്നത്. ഭാവനയില്‍ സൃഷ്ടിച്ചെടുക്കുന്ന സിനിമകള്‍ അഭിപ്രയ രൂപീകരണത്തിന് ഇടവരുത്തും എന്നവാദം ഉന്നയിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന വാര്‍ത്തകള്‍ ജനങ്ങളെ സ്വാധീനിക്കും എന്ന് പറഞ്ഞ് നിരോധിക്കണം എന്ന് ആവശ്യപ്പെടുമോ? സിനിമ സമൂഹത്തിനു പ്രചോദനമാകുനു എന്നതിനേക്കാള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണ് പലപ്പോഴും സിനിമകള്‍ക്ക് പ്രചോദനമാകുന്നത് എന്നതാണ് വാസ്തവം.

ആന്റണി പെരുമ്പാവൂര്‍ പോലെ ഒരു നിര്‍മ്മാതാവിന്റെ കൂടെ പിന്തുണ ഈ ചിത്രത്തിന്റെ പുറകിലുണ്ടെന്നതും പ്രത്യേകം ഓര്‍ക്കുന്നു. ആശീര്‍വാദില്‍ നിന്നും ഇനിയും മികച്ച ചിത്രങ്ങള്‍ ഉണ്ടാകട്ടെ. വന്‍ വിജയമായിക്കഴിഞ്ഞ ഈ ചിത്രത്തിന്റെ ഭാഗമാകുവാന്‍, ലാലേട്ടനും മഞ്ജുവാര്യര്‍ക്കും ഒപ്പം വീണ്ടും അഭിനയിക്കുവാന്‍ കഴിഞ്ഞതില്‍ എളിയ കലാകാരിയായ ഞാന്‍ ഏറെ സന്തോഷവതിയാണ്.

Sreeya Ramesh

Content Highlights : Lucifer Movie Prithviraj Mohanlal Murali Gopy Manju Warrier Sreeya Ramesh As Gomathi