മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പങ്കെടുത്ത പത്ര സമ്മേളനത്തിലാണ് ഇതെക്കുറിച്ച് വ്യക്തമാക്കിയത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 

ലൂസിഫര്‍ എന്ന ആശയത്തേക്കാളുപരി പൃഥ്വിരാജിന്റെയും മുരളി ഗോപിയുടെയും കൂടെ ജോലി ചെയ്യുന്നതാണ് തന്നെ അതിശയിപ്പിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

കഥ കേട്ടപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല. ആ ചിത്രം തീര്‍ച്ചയായിട്ടും ഒരുപാട് പ്രത്യേകതകളുള്ളതായിരിക്കും. ഈ കൂട്ടുക്കെട്ട് തന്നെ ആയിരിക്കും ഈ ചിത്രത്തിന്റെ പ്രത്യേകത. എനിക്ക് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്- മോഹന്‍ലാല്‍ പറഞ്ഞു.

തിരക്കഥ പൂര്‍ണമായിട്ടില്ലാത്തതിനാല്‍ ബജറ്റിനെക്കുറിച്ച് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും ഒരു നല്ല ചിത്രം ഒരുക്കുക എന്നതിലപ്പുറം കൂടുതല്‍ ഒന്നും ഇതുവരെ ആലോചിച്ചിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.