പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമാണ് 'ലൂസിഫര്‍'. പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ലെന്നാണ് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ നന്ദു പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് എന്ന സംവിധയകനെ കുറിച്ച് നന്ദു വാചാലനായത് 

'പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. അണ്‍ബിലീവബിള്‍ എന്നേ പറയാന്‍ പറ്റു. ഞാന്‍ ആദ്യ ദിവസം ഷൂട്ടിന് വന്നപ്പോള്‍ ലാലേട്ടന്‍ എന്റടുത്ത് വന്ന് തോളില്‍ കയ്യിട്ട് പറഞ്ഞു, വിശ്വസിക്കാന്‍ പറ്റുന്നില്ലടോ എന്തൊരു സംവിധായകനാണ് ഇയാള്‍ എന്ന്. സംശയങ്ങളേ ഇല്ല.

സാധാരണ സംവിധായകര്‍ ഷോട്ട് എടുത്തുകഴിഞ്ഞ് മോണിട്ടറില്‍ നോക്കി എന്തെങ്കിലും അപാകതളെക്കുറിച്ച് പറയും. ഒരുതവണ കൂടി കാണും. ഇത് അതൊന്നുമില്ല കണ്ട് കഴിഞ്ഞാല്‍ കട്ട്, അടുത്തതിലേക്ക് പോകുകയാണ്. എല്ലാ ഷോട്ട്‌സും അദ്ദേഹം ഓര്‍ത്തിരിക്കും, നാല്‍പത് അന്‍പത് ഷോട്ടുകളുളള സീനുകളാണ് പലതും. അതില്‍ വലിയ താരങ്ങളും അനേകം ജൂനിയര്‍ ആര്‍ടിസ്റ്റുകളും ഉണ്ടാകും. ഒരു സീന്‍ കഴിഞ്ഞാല്‍ രാജു തന്നെ പറയും അടുത്ത സീന്‍ എടുക്കാമെന്ന്. അപ്പോള്‍ അസോഷ്യേറ്റ് വാവ പറയും, നമുക്ക് ഒന്നുകൂടി നോക്കണമെന്ന്. നോക്കണമെങ്കില്‍ നോക്കിക്കോ, പക്ഷേ സീന്‍ തീര്‍ന്നു, ഷോട്ട് ഒക്കെ എടുത്തുവെന്ന് രാജു പറയും. അതാണ് രാജുവിന്റെ ആത്മവിശ്വാസം.

 നോക്കട്ടെ എന്ന് പറഞ്ഞാല്‍ നമുക്കും സംശയമാകും. ഏതെങ്കിലും ഷോട്ട് വിട്ടുപോയിട്ടുണ്ടാകുമോ എന്ന്. പക്ഷേ ഇത് നൂറ് ശതമാനം തലയ്ക്കകത്ത് ഉണ്ട്. രാവിലെ വന്ന് കഴിഞ്ഞാല്‍ ഇന്ന ഷോട്ട് എടുക്കണം എന്നെല്ലാം നേരത്തെ മനസ്സിലുണ്ടാകും. എനിക്ക് തോന്നുന്നത് രാജുവിന്റെ ഉള്ളില്‍ ഒരു അഭിനേതാവിനേക്കാള്‍ കൂടുതല്‍ ഒരു സംവിധായകനാണ് ഉള്ളത് എന്ന്. 

ഇതൊരു വലിയ സിനിമയാണ്. ഇതില്‍ അഭിനയിച്ചിരിക്കുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മാത്രം പ്രതിഫലം ഏകദേശം രണ്ട്, രണ്ടര കോടി വരും. കാരണം എല്ലാ ഫ്രെയിമുകളിലും അഞ്ഞൂറും ആയിരവും ജൂനിയര്‍ ആര്‍ടിസ്റ്റുകളുണ്ട്. എറണാകുളത്ത് നമ്മള്‍ ഷൂട്ട് ചെയ്തത് 2000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വച്ചാണ് .ഇനി നമ്മള്‍ ചെയ്യാന്‍ പോകുന്നതില്‍ 3000ത്തോളം പേരുണ്ട്. ഒറ്റ ഫ്രെയിമില്‍ വരണം അതെല്ലാം- നന്ദു പറയുന്നു.

Content Highlights: lucifer movie mohanlal prithviraj murali gopi prithviraj direction big budget malayalam movie