പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ചിത്രീകരിച്ച പള്ളി പുതുക്കി പണിതുനല്‍കി ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇടുക്കിയിലെ ഉപ്പുതറയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിയാണ് ആശിര്‍വാദ് സിനിമാസ് പുതുക്കി പണിത് നല്‍കിയത്. മോഹന്‍ലാലും മഞ്ജുവാര്യരും അഭിനയിച്ച സുപ്രധാനമായ ഒരു രംഗം ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു.

ലൂസിഫറിന് വേണ്ടി ഈ പള്ളി സെറ്റിട്ടതാണെന്നാണ് പലരും കരുതിയത്. സിനിമ പൂര്‍ത്തിയായാല്‍ പള്ളി പുതുക്കി പണിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ലൂസിഫര്‍ ഗംഭീര വിജയമായതോടെ എട്ടു ലക്ഷം രൂപ മുടക്കി പള്ളി പുതുക്കി പണിയുകയായിരുന്നു. 

lucifer church

ജെ.എം വില്‍ക്കി എന്ന സായിപ്പ് സ്ഥാപിച്ച ദേവാലയമായിരുന്നു ഇത്. പേര് സിഎസ്ഐ പള്ളിയെന്നായിരുന്നുവെങ്കിലും മാര്‍ത്തോമ്മ, ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളിലെ വൈദികർ ഇവിടെ കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു. പിന്നീട്  ഓരോ സഭകള്‍ക്കും വെവ്വേറെ ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടതോടെ ഈ പള്ളിയില്‍ വിശ്വാസികളുടെ തിരക്കു കുറഞ്ഞു. അതോടെ ആളനക്കമില്ലാതെ കാടുപിടിച്ച അവസ്ഥയായി. 2016 ല്‍ ഈ പള്ളിയുടെ ചുമതല ഒരു വൈദികന്‍ ഏറ്റെടുത്തു. പിന്നീടാണ് ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഷൂട്ടിങ്ങിനായി പള്ളി ആവശ്യപ്പെട്ടത്.

Content Highlights: lucifer movie mohanlal manju warrier scene, Lucifer church renovated by producer antony perumbavoor, prithviraj