മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ വിജയാഘോഷങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആരാധകരും കുടുംബ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രം തീയേറ്ററുകളില്‍ ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. 

ഇതിനിടയില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു പോസ്റ്റ് ചര്‍ച്ചയാവുകയാണ്. എല്‍ ബര്‍ഗ് എന്നാണ് കടലിലെ മഞ്ഞ് മലയുടെ ചിത്രം പങ്കുവച്ചു കൊണ്ട് മുരളി ഗോപി കുറിച്ചത്. ഇതേ ചിത്രം പങ്കുവച്ച് കൊണ്ട് പൃഥ്വി കുറിച്ചത് ഇങ്ങനെയാണ്: കണ്ടതൊന്നുമല്ല, ഇനിയുമേറെയുണ്ട്.

നേരത്തെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ ചൊല്ലി സജീവമായ ചര്‍ച്ചകള്‍ നടന്നിരുന്നു. പല കാര്യങ്ങളിലും ചോദ്യങ്ങള്‍ ബാക്കിയാക്കി ചിത്രം അവസാനിപ്പിച്ചത് രണ്ടാം ഭാഗം ഒരുക്കുന്നതിന് വേണ്ടിയാണെന്ന വാദങ്ങളും ഉണ്ടായിരുന്നു. പോരാതെ കഴിഞ്ഞ ദിവസം തങ്ങളുടെ കൂട്ടുകെട്ട് വീണ്ടും ആവര്‍ത്തിക്കുമെന്ന സൂചന നല്‍കി മുരളി ഗോപിയും പൃഥ്വിരാജും പങ്കുവച്ച ചിത്രവും ഈ ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചിരുന്നു. ഇതിനു പിറകെയാണ്  പുതിയ പോസ്റ്റ് 
 

prithviraj

പല വാദങ്ങളാണ് ഈ പോസ്റ്റിനെ ചുറ്റിപറ്റി നടക്കുന്നത്.. കണ്ടതൊന്നുമല്ല ചിത്രം അതില്‍ ഒരുപാട് കാര്യങ്ങള്‍ മറഞ്ഞിരിപ്പുണ്ടെന്നാണ് ഈ പോസ്റ്റ് സൂചിപ്പിക്കുന്നതെന്ന് ചിലര്‍, അതല്ല ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷരുടെ ഉള്ളില്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ രണ്ടാം ഭാഗം ഒരുങ്ങും എന്നതിന്റെ സൂചനയാണെന്ന് വേറെ കൂട്ടര്‍. 

തങ്ങളെ ഇങ്ങനെ ത്രില്ലടിപ്പിക്കാതെ പറയാനുള്ളത് നേരെ ചൊവ്വേ പറയുമോ എന്നാണ് ആകാംക്ഷ സഹിക്കാന്‍ വയ്യാതെ ആരാധകര്‍ ചോദിക്കുന്നത്.

മാര്‍ച്ച് 28-നാണ് ലൂസിഫര്‍ തീയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അതിന് പുറമെ അതിഥി താരമായി സംവിധായകന്‍ പൃഥ്വിരാജും ചിത്രത്തിലുണ്ട്.   

Content Highlights : Lucifer Mohanlal Prithviraj Murali gopi Lucifer Review second part