തീയേറ്ററുകള്‍ പൂരപ്പറമ്പാക്കി തകര്‍ത്തോടുകയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫര്‍. ആദ്യ ദിനം മുതല്‍ തന്നെ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ത്രില്ലിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഈ അവസരത്തില്‍ ചിത്രത്തിന്റെ ആദ്യ ഷോ നായകന്‍ മോഹന്‍ലാലിനൊപ്പം കണ്ടതിന്റെ ആവേശം പങ്കുവെക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. ഒരു സ്വകാര്യ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സാധാരണക്കാരായ പ്രേക്ഷകര്‍ക്കൊപ്പവും തന്റെ നായകനൊപ്പവും ചിത്രത്തിന്റെ ഫസ്റ്റ് ഷോ കണ്ടതിന്റെ സന്തോഷം പൃഥ്വി പങ്കുവച്ചത്. 

പൃഥ്വിയുടെ വാക്കുകള്‍

ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. ഇനി ഒരു സിനിമ സംവിധാനം ചെയ്യുമോ ഇല്ലയോ എന്നറിയില്ല. എന്തായാലും ഈ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാം എന്ന് തീരുമാനിച്ച് ഞാന്‍ എറണാകുളം കവിത തീയേറ്ററിലേക്ക് പോവുകയാണ്. അപ്പോഴാണ് ആന്റണി ചേട്ടന്‍ വിളിക്കുന്നത്. ഇവിടെ ട്രാവന്‍കൂര്‍ ഫോര്‍ട്ട് എന്ന ഹോട്ടലിലേക്ക് വന്നാല്‍ ഒരുമിച്ചു പോകാം എന്ന് പറഞ്ഞു. ഞാന്‍ അങ്ങോട്ട് പോയി. 

നോക്കുമ്പോള്‍ ലാലേട്ടന്‍ വന്ന് വണ്ടിയില്‍ കയറിയിരുന്നു. ഞാന്‍ ചോദിച്ചു 'ചേട്ടന്‍ എങ്ങോട്ടാ?' 'മോനെ ഞാനും വരുന്നുണ്ട്' എന്ന് ചേട്ടന്‍ പറഞ്ഞു. 'ചേട്ടന്‍ കവിത തീയേറ്ററിലേക്ക് വരുന്നെന്നോ? പൊന്നു ചേട്ടാ നടക്കൂല്ല' എന്ന് ഞാന്‍  പറഞ്ഞു. 'ഒരു പ്രശ്നവുമില്ല, ഞാന്‍ വരുന്നു ഇത് മോന് ചേട്ടന്‍ തരുന്ന സമ്മാന'മാണെന്ന് ലാലേട്ടന്‍ പറഞ്ഞു. 

ഞാന്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. സിനിമ കാണാന്‍ വയ്യ. ലാലേട്ടന്‍ അപ്പുറത്തിരിക്കുന്നു. ഇത് ചില്ലറപ്പെട്ട കാര്യമൊന്നുമല്ല. മോഹന്‍ലാലാണേ പത്തയ്യായിരം ആളുകളുടെ ഇടയിലേക്ക് ചെന്ന് ഇറങ്ങുമ്പോള്‍..വല്ലാത്ത ഒരു എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. ഈ സിനിമ ചെയ്തതിനേക്കാള്‍ വലിയ എക്‌സ്പീരിയന്‍സ് ആണ്.  ലൂസിഫറിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ  സാധാരണ പ്രേക്ഷകരുടെ ഇടയില്‍ ലാലേട്ടന്റെ തൊട്ടടുത്ത് ഇരുന്നു കാണുക.. എന്ന് പറയുന്നത് അത് വിശ്വസിക്കാന്‍ സാധിക്കാത്ത നിമിഷമായിരുന്നു. പൃഥ്വിരാജ് പറയുന്നു.

Content Highlights : Lucifer Mohanlal Prithvi Murali Gopi Prithvi about Mohanlal Lucifer Manju Warrier Vivek Oberoi